സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.


 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.


കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം അനുസരിച്ച് ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച ഏഴ് ജില്ലകളിലും, ശനിയാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്.ജൂലൈ രണ്ട് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ രണ്ട് വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മൂന്നാം തീയതി വരെ കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്രകാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post