മുൻ മണലൂർ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി എ മാധവൻ അന്തരിച്ചു. 80 വയസ്സായിരുന്നു. തൃശ്ശൂർ മുണ്ടൂരിൽ ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.
എറണാകുളം റിനൈ മെഡിസിറ്റി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
തൃശൂർ ജില്ലയിൽ കോൺഗ്രസിൻ്റെയും തൊഴിലാളി സംഘടനകളുടെയും വളർച്ചയിൽ നിർണായ പങ്കുവഹിച്ച ആളു കൂടിയാണ് പി എ മാധവൻ. .ഭൗതികശരീരം പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും തുടർന്ന് മുണ്ടൂർ കൈപ്പറമ്പിലെ വസതിയിലേക്ക് കൊണ്ടുപോകും. പ്രതിസന്ധികാലത്തും കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും വളർച്ചയ്ക്കും മുന്നേറ്റത്തിനും കരുത്തോടെ നയിച്ച നേതാവാണ് പി എ മാധവൻ.
പി എ മാധവന്റെ വേർപാടിൽ അനുശോചിച്ച് വരുന്ന മൂന്ന് ദിവസത്തെ കോൺഗ്രസിന്റെ തൃശൂർ ജില്ലയിലെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്ത് ദുഃഖാചരണം നടത്തുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ ജോസഫ് ടാജറ്റ് അറിയിച്ചു.


