കുന്നംകുളം: പ്രസ് ക്ലബ്ബിന്റെ പ്രാദേശിക മാധ്യമ പുരസ്കാര സമർപ്പണം കുന്നംകുളം ചേംബർ ഓഫ് കൊമേഴ്സിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ ലഹരിയിലേക്ക് യുവതലമുറയെ ആകർഷിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച മന്ത്രി പറഞ്ഞു. കുട്ടികൾക്ക് കളിക്കാൻ മുൻകാലത്ത് ഉണ്ടായിരുന്ന ഗ്രൗണ്ടുകൾ ഇപ്പോൾ ഇല്ലെന്നും കുട്ടികൾ മൊബൈൽഫോണുമായി റൂമിൽ ഒതുങ്ങിപ്പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാടിന് ഉപകാരപ്പെടുന്ന കാര്യങ്ങളിൽ കുട്ടികൾ വ്യാപൃതരാകുമ്പോൾ അവർ തന്നെ ലഹരിയിൽ നിന്ന് പിന്മാറുകയും മികച്ച കാഴ്ചകളും മികവുറ്റ ആളുകളെ സൃഷ്ടിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ അച്ചടി മാധ്യമ വിഭാഗത്തിൽ പുരസ്കാരം നേടിയ മാതൃഭൂമി തൃശൂർ ലേഖിക അഷേക സുധരാജും, ദൃശ്യമാധ്യമ വിഭാഗത്തിൽ പുരസ്കാരം നേടിയ കണ്ണൂർ ഇരിട്ടി ഹൈവിഷൻ ചാനൽ റിപ്പോർട്ടർ ഉന്മേഷ് പായവും മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.തൃശ്ശൂര്‍ ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും ജീവിത സാഹചര്യങ്ങളെ കുറിച്ച് സവിസ്തരം വിവരിക്കുന്ന 'വീണ്ടുനീറുന്ന ജീവിതങ്ങള്‍' എന്ന തുടര്‍വാര്‍ത്താപരമ്പരയാണ് അഷേകയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അന്ധദമ്പതികളുടെ അതിജീവനത്തിന്റെ കഥപറയുന്ന 'കാഴ്ചയില്ലെങ്കിലും കരുത്തുള്ള ജീവിതം' എന്ന ന്യൂസ് സ്റ്റോറിയ്ക്കാണ് ഉന്‍മേഷിന് അംഗീകാരം. ഇരുവര്‍ക്കും 10,001 രൂപയും, ഫലകവും, പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം മന്ത്രി സമ്മാനിച്ചു. പ്രശസ്ത ചലച്ചിത്ര ഗാനരചിയതാക്കളും, കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത് സജീവ സാന്നിധ്യങ്ങളുമായ റഫീഖ് അഹമ്മദ്, ബി.കെ.ഹരിനാരായണന്‍, മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ സുബീഷ് തെക്കൂട്ട് എന്നിവരാണ് അവാര്‍ഡ് ജേതാക്കളെ നിശ്ചയിച്ചത്.ദേശീയ സ്‌കൂള്‍ കായികമേളയില്‍ 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ കളരിപ്പയറ്റില്‍ മത്സരത്തില്‍ കേരളത്തിനു വേണ്ടി സ്വര്‍ണ്ണം നേടിയ പ്രസ്സ്‌ക്ലബ്ബ് കുടുംബാംഗം കൂടിയായ വേദ്‌നാഥ് കൂനത്തിനും, ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ച എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. എ ലത്തീഫ് എന്നിവർക്കുള്ള പ്രത്യേക ഉപഹാരം ചടങ്ങിൽ മന്ത്രി സമ്മാനിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് ജിജോ തരകൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. തൃശ്ശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ സജികുമാർ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ പ്രസ് ക്ലബ് അംഗങ്ങൾക്കുള്ള ഐഡി കാർഡിന്റെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ. ലത്തീഫ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് എടുത്തു.
കുന്നംകുളം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ടി. സോമശേഖരൻ, മിഷ സെബാസ്റ്റ്യൻ, കൗൺസിലർമാരായ ഷാജി ആലിക്കൽ, ശ്രീജിത്ത് തെക്കേപ്പുറം, എരുമപ്പെട്ടി പ്രസ് ക്ലബ്ബ് പ്രസിഡന്റ് റഷീദ് എരുമപ്പെട്ടി, സിസിടിവി മാനേജിംഗ് ഡയറക്ടർ കെ.സി ജോൺസൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി അജ്മൽ ചമ്മന്നൂർ സ്വാഗതവും ട്രഷറർ പി.എസ് ടോണി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ജയപ്രകാശ് ഇലവന്ത്ര, ജോയിന്റ് സെക്രട്ടറി അഖിൽ രാമപുരം, നിർവാഹക സമിതി അംഗങ്ങളായ ജോസ് മാളിയേക്കൽ, സുധീഷ് മേക്കാട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


