ആനക്കര: ആനക്കര ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെ പുതിയ കെട്ടിടനിർമാണം വേഗത്തിലാക്കി നവംബർ ഒന്നിനകം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വി.ടി. ബൽറാം എംഎൽഎ നിർദേശം നൽകി.
2018-19 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 51 ലക്ഷം രൂപ വിനിയോഗിച്ചാണ് സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റ് കെട്ടിടനിർമാണം ഏറ്റെടുത്തിരിക്കുന്നത്. നിർമാണസ്ഥലം സന്ദർശിച്ച എംഎൽഎ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുകയും സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി ആശുപത്രി പ്രവർത്തനത്തിന് കൈമാറാൻ നിർദേശിക്കുകയും ചെയ്തു.
ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഷംനാദ് ഖാൻ, ഹാബിറ്റാറ്റ് കൺസൾട്ടൻസി പ്രതിനിധി വിനോദ്, ആനക്കര പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. അംബിക, പഞ്ചായത്ത് അംഗങ്ങളായ സുനിത ദിലീപ്, ഷീജ പ്രകാശൻ, ഡി.സി.സി സെക്രട്ടറി പി.എം. മധു, പി.സി. രാജു, സി.പി. ബാവ, മുഹമ്മദ് ഫാസിൽ എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.


