തദ്ദേശസ്ഥാപന പരിധിയിൽ ഹോട്സ്‌പോട്ടുകൾ കണ്ടെത്തി തെരുവുനായ നിയന്ത്രണത്തിനുൾപ്പെടെ സർക്കാർ പുതിയ കർമപദ്ധതി തയ്യാറാക്കുന്നു. അവശതയോ രോഗമോ ഉള്ള നായകളെ തെരുവിൽ ഉപേക്ഷിച്ചാൽ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള കടുത്തവ്യവസ്ഥകൾ നടപ്പാക്കും.
വളർത്തുനായകൾക്ക് ലൈസൻസ് ഉറപ്പാക്കുന്നത് തദ്ദേശസ്ഥാപനങ്ങളുടെ നിർബന്ധിത ചുമതലയാകും. വളർത്തുകേന്ദ്രങ്ങളിൽ നായകളുടെ പ്രജനനം, വിൽപ്പന, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയ്ക്കും പുതിയ വ്യവസ്ഥകൾ വരും. പദ്ധതികൾക്ക് തദ്ദേശസ്ഥാപനങ്ങൾ പണം വകയിരുത്തേണ്ടിവരും.
ഹോട്സ്‌പോട്ടുകൾ നിശ്ചയിച്ച് സുപ്രീംകോടതി വിധിക്കനുസരിച്ച ദയാവധം ഉൾപ്പെടെയുള്ള നിയന്ത്രണം നടപ്പാക്കും. വളർത്തുനായകൾ, തെരുവുനായകൾ, തെരുവുനായകളുടെ നിയന്ത്രണത്തിന് പശ്ചാത്തലമൊരുക്കൽ, പൊതുജനങ്ങളുടെ സമീപനം, അപകടഘട്ടത്തിലെ പ്രതിരോധം എന്നിങ്ങനെ അഞ്ചുതലങ്ങളായാണ് കർമപരിപാടി.
മന്ത്രി കെ.എം. ഷാജിയുടെ അധ്യക്ഷതയിൽ ഇതിനായി യോഗം ചേരും. കൂടുതൽ എ.ബി.സി. കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും പരിഗണനയിലാണ്. കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ജനസാന്ദ്രതകുറഞ്ഞ സ്ഥലം കണ്ടെത്തണം. ഇതിന് എൻ.ജി.ഒ.കളുടെയും മറ്റുസന്നദ്ധസംഘടനകളുടെയും സഹായം തേടും.
പ്രത്യേകകേന്ദ്രങ്ങളിൽ (ഷെൽട്ടർ) ഭക്ഷണം നൽകുന്നതിന് സ്ഥലവും സമയവും നിശ്ചയിക്കുന്നതും വീടുകളിലടക്കം നായകളെ വളർത്തുന്നതും മാർഗരേഖയിലുണ്ടാവും. എ.ബി.സി. കേന്ദ്രങ്ങളിലേക്ക് നായകളെ എത്തിക്കാൻ നായപിടിത്തക്കാരെ നിയോഗിക്കുന്നതും പരിഗണിക്കുന്നുണ്ട്. സുപ്രീംകോടതി അനുവദിച്ച ദയാവധം അന്തിമഘട്ടത്തിലേ പരിഗണിക്കൂ.


