പരിശുദ്ധനായ മോർ കൂറിലോസ് വലിയ ബാവായുടെ ഓർമ്മപ്പെരുന്നാളിന് കൊടിയേറി


 തൊഴിയൂർ: മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാവായ കാട്ടുമാങ്ങാട്ടെ പരിശുദ്ധനായ അബ്രഹാം മാർ കൂറിലോസ് വലിയ ബാവായുടെ 224-മത് ഓർമ്മപ്പെരുന്നാളിന് സഭാ ആസ്ഥാനമായ തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക ദൈവാലയത്തിൽ സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റി. 2026 ജൂലൈ 9,10 (വ്യാഴം,വെള്ളി) ദിവസങ്ങളിലാണ് പെരുന്നാൾ. വെള്ളിയാഴ്ച വൈകീട്ട് 3.30 ന് കുന്നംകുളം സെന്റ്‌ തോമസ് കുന്നത്തെ പള്ളിയിൽ നിന്നും തൊഴിയൂർ ഭദ്രാസന പള്ളിയിലെ പരിശുദ്ധ കൂറിലോസ് ബാവായുടെ കബറിങ്കലേക്കുള്ള പദയാത്ര ആരംഭിച്ച് വൈകീട്ട് 5 മണിക്ക് പരിശുദ്ധ കൂറിലോസ് ബാവ മാർ തപസനുഷ്ടിച്ച അഞ്ഞൂർ മാർ ബഹനാം ചാപ്പലിൽ സമാപിക്കും.തുടർന്ന് കാൽനട ഘോഷയാത്ര ഭദ്രാസന പള്ളിയിൽ എത്തിച്ചേരും. തുടർന്ന് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ചേരുന്ന അനുസ്മരണ സമ്മേളനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാധ്യക്ഷൻ ഡോ. സാമുവൽ മാർ തെയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും.തൃശ്ശൂർ കൽദായ സുറിയാനി സഭയുടെ മോർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും . തുടർന്ന് പെരുന്നാൾ സന്ധ്യാനമസ്ക്കാരവും ബാവായുടെ കബറിങ്കൽ ധൂപപ്രാർത്ഥനയും ആശിർവാദവും അത്താഴ ഊട്ടും ഉണ്ടായിരിക്കും. പ്രധാന പെരുന്നാൾ ദിവസമായ വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്ക്കാരവും 8.30 മണിക്ക് വിശുദ്ധ ഒമ്പതിന്മേൽ കുർബ്ബാനയും, പരിശുദ്ധനായ മാർ കൂറിലോസ് ബാവായോടുള്ള മധ്യസ്ഥ പ്രാർത്ഥനയും, സഭയുടെ ആദ്യ ദൈവാലയമായ അഞ്ഞൂർ മാർ ബഹനാം ചാപ്പലിലേക്ക് കൊടിയും സ്ലീബായും, ശ്ലൈഹീക വാഴ്വും തുടർന്ന് കബറിങ്കൽ ധൂപ പ്രാർത്ഥനയും പൊതുസദ്യയും ഉണ്ടായിരിക്കും. സഭാ വൈദീക ട്രസ്റ്റി ഫാ.തോമസ് കുരിയൻ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, സഭാ സെക്രട്ടറി ബിനോയ്‌ പി മാത്യു, അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ് , ട്രഷറർ റെയ്ഫിസൺ കെ ബാബു, ഓർമ്മപ്പെരുന്നാൾ ആഘോഷ കമ്മിറ്റി അംഗങ്ങൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

Post a Comment

Previous Post Next Post