ചാലിശ്ശേരിയിൽ കാർഷിക രംഗത്തിന് പുതുഊർജം പകർന്ന് കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി


 ചാലിശ്ശേരി:കാർഷിക മേഖലയിലെ നവീന അറിവുകളും പദ്ധതികളും കർഷകരിലെത്തിക്കുന്നതിന്റെ ഭാഗമായി ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലാണ് കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയതു

വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു അധ്യക്ഷനായി

കർഷകരുടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും കാർഷിക മേഖലയിലെ പുതിയ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനുമായി ആത്മയുടെ പ്രാപ്തി വികസന പദ്ധതിയുടെ ഭാഗമായി മണ്ണുത്തി അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലെ ഫാം ഓഫീസർ കെ. ശ്രീലജ ക്ലാസ് നയിച്ചു.

 തൃത്താല ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ കെ.വി. ശ്രീധരൻ കിസാൻ ക്രെഡിറ്റ് കാർഡിന്റെ പ്രയോജനങ്ങളും ലഭ്യതയും സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ് അവതരിപ്പിച്ചു.

ഞാറ്റുവേല ചന്തയിൽ കൃഷിഭവൻ ഉൽപാദിപ്പിച്ച ചെണ്ടുമല്ലി, വിവിധ നഴ്സറികളിൽ നിന്നുള്ള തൈകൾ, കുടുംബശ്രീ യൂണിറ്റുകളുടെ മൂല്യവർധിത ഉൽപന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു.

 കർഷകരുടെയും പൊതുജനങ്ങളുടെയും മികച്ച പങ്കാളിത്തമാണ് ചന്തയ്ക്ക് ലഭിച്ചത്.

വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സിജി സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ആനി വിനു, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സവിത അജി, പഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് കെ. ശ്യാം, എ.ഡി.സി അംഗങ്ങൾ, പാടശേഖര സമിതി പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

150-ഓളം പേർ പങ്കെടുത്ത കർഷകസഭയിൽ കൃഷി ഓഫീസർ സി. സൂര്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post