✍️എ.സി.ഗീവർ ചാലിശ്ശേരി
ലോകകപ്പ് ഫുട്ബോൾ ഫൈനലിന്റെ ആവേശം കുട്ടികൾക്ക് പൂർണമായി ആസ്വദിക്കാനാകണമെന്ന കരുതലിൽ മാതൃകാപരമായ തീരുമാനവുമായി മരട് ഗ്രീഗോറിയൻ പബ്ലിക് സ്കൂളിന്റെ സ്ഥാപകനും ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ.
ഞായറാഴ്ച അർധരാത്രിക്ക് ശേഷമാണ് ലോകകപ്പ് കലാശപ്പോരാട്ടം നടക്കുന്നത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരെ പോലെ തന്നെ കേരളത്തിലെ കുട്ടികളും ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് എന്നതിനാൽ, പിറ്റേന്നായ ജൂലൈ 20-ന് സ്കൂളിന് അവധി പ്രഖ്യാപിക്കാൻ ബാവ കഴിഞ്ഞ മാസം തന്നെ പ്രിൻസിപ്പൽ സൂസൻ ബാരീഡിന് നിർദേശം നൽകിയിരുന്നു.
ഫുട്ബോൾ കുട്ടികളുടെ ഹൃദയത്തിൽ വെറും കളിയല്ല, ആവേശവും ആഘോഷവുമാണെന്ന് തിരിച്ചറിഞ്ഞാണ് ഈ തീരുമാനം. രാത്രി വൈകി മത്സരം കണ്ട് ഉറക്കമില്ലാതെ പിറ്റേന്ന് ക്ലാസിലിരിക്കുന്ന കുട്ടികളെയല്ല കുടുബത്തോടൊപ്പം വീട്ടിലിരുന്ന് ലോകകപ്പ് .ഫൈനൽ കണ്ട് സന്തോഷിക്കുന്ന കുട്ടികളോടുള്ള കരുതലും കുട്ടികളുടെ താൽപര്യങ്ങളെ ആദരിക്കുന്ന 'ഒരു വിദ്യാഭ്യാസ സംസ്കാരത്തിൻ്റെ തുടർച്ചയാണ് അവധിക്ക് പിന്നിലെ മനോഹരമായ സന്ദേശമാക്കി മാറ്റിയത്
അർജന്റീനയുടെ കടുത്ത ആരാധകൻ കൂടിയായ ബാവയുടെ പ്രിയ ടീമും ഫൈനലിൽ ഇറങ്ങുന്നതോടെ കുട്ടികളുടെ സന്തോഷത്തിന് ഇരട്ടിമധുരം പകർന്നിരിക്കുകയാണ് ഈ പ്രഖ്യാപനം.
കുട്ടികളുടെ താൽപര്യങ്ങൾക്കും മാനസിക സന്തോഷത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന വിദ്യാഭ്യാസ സമീപനത്തിന്റെ ഭാഗമായാണ് തീരുമാനം കൈക്കൊണ്ടതെന്ന് പ്രിൻസിപ്പൽ അറിയിച്ചു. പഠനം എന്നത് പാഠപുസ്തകങ്ങളിലെ അറിവ് മാത്രം പകർന്നുനൽകുന്നതല്ല കുട്ടികളുടെ വികാരങ്ങളെയും സ്വപ്നങ്ങളെയും ആദരിക്കുകയും ജീവിതാനുഭവങ്ങൾക്ക് ഇടം നൽകുകയും ചെയ്യുന്നതാണെന്ന സന്ദേശവും ഈ തീരുമാനത്തിലൂടെ സ്കൂൾ മുന്നോട്ടുവയ്ക്കുന്നു.
ഫുട്ബോളിനോടുള്ള വിദ്യാർത്ഥികളുടെ വലിയ താൽപര്യം കണക്കിലെടുത്ത് കഴിഞ്ഞ ആഴ്ച ലോകകപ്പ് ആഘോഷങ്ങളും ഇന്റർസ്കൂൾ ഫുട്ബോൾ മത്സരങ്ങളും സ്കൂൾ സംഘടിപ്പിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഫൈനൽ ദിനത്തോടനുബന്ധിച്ചുള്ള ഈ അവധിയും.
ഒരു ദിവസത്തെ അവധി പഠനത്തെ ബാധിക്കില്ലെന്നും, ആവശ്യമെങ്കിൽ പിന്നീട് പകരം ക്ലാസ് ക്രമീകരിച്ച് പഠനനഷ്ടം പരിഹരിക്കാമെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അവധി പ്രഖ്യാപനം വിദ്യാർത്ഥികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. സർക്കുലർ പുറത്തുവന്നതിന് പിന്നാലെ നിരവധി രക്ഷിതാക്കൾ സ്കൂൾ അധികൃതരെ വിളിച്ച് അഭിനന്ദനം അറിയിച്ചു. കുട്ടികളുടെ സന്തോഷത്തെയും മാനസിക ആരോഗ്യത്തെയും മുൻനിർത്തിയുള്ള തീരുമാനത്തിന് സമൂഹമാധ്യമങ്ങളിലും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.
വിദ്യാഭ്യാസം പാഠപുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല; കുട്ടികളുടെ സ്വപ്നങ്ങളെയും സന്തോഷങ്ങളെയും ആദരിക്കുമ്പോഴാണ് അത് യഥാർഥ വിദ്യാഭ്യാസമാകുന്നതെന്ന സന്ദേശം ജീവിതത്തിലൂടെ പകർന്ന ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവയുടെ തീരുമാനം ഇപ്പോൾ കേരളത്തിന്റെ കൈയടിയാണ് ഏറ്റുവാങ്ങുന്നത്. പഠനത്തിനൊപ്പം പന്തിനെയും ചേർത്ത് പിടിച്ച ഈ കരുതൽ, കുട്ടികളുടെ മനസ്സിൽ ഏറെക്കാലം മായാത്ത ഓർമ്മയായി നിലനിൽക്കും.


