കുന്നംകുളത്ത് 'സംരംഭക നഗരം' പദ്ധതിക്ക് ഔദ്യോഗിക തുടക്കം; കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു


 കുന്നംകുളത്ത് 'സംരംഭക നഗരം' പദ്ധതിക്ക് ഔദ്യോഗിക തുടക്കം; കേന്ദ്ര ഓഫീസ് ഉദ്ഘാടനം ചെയ്തു


​കുന്നംകുള: കുന്നംകുളം നഗരത്തിന്റെ സാമൂഹികവും സാമ്പത്തികവും ചരിത്രപരവുമായ പൈതൃകം നിലനിർത്തിക്കൊണ്ടുള്ള ശാശ്വത വികസനം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭ പ്രഖ്യാപിച്ച ചരിത്രപ്രധാനമായ 'സംരംഭക നഗരം' പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. നഗരസഭയുടെ 2026-27 ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഈ പദ്ധതിയുടെ കേന്ദ്ര ഓഫീസ് ഉദ്ഘാടനവും, മുഖ്യ ഉപദേഷ്ടാക്കളായ കിലയുമായുള്ള (KILA) ധാരണാപത്രം ഒപ്പുവെക്കലും നഗരസഭാ ഓഫീസ് അങ്കണത്തിൽ വെച്ച് നടന്നു. കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീൻ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.


​സംരംഭക ഓഫീസ്, സിറ്റി ബിസിനസ് കൗൺസിൽ, വാർഷിക സംരംഭക സമ്മേളനം, സംരംഭക അക്കാദമി, സംരംഭക ക്ലബുകൾ എന്നിവ സ്ഥാപിച്ച് കുന്നംകുളത്തെ ഒരു മികച്ച സംരംഭക ആവാസവ്യവസ്ഥയായി (Entrepreneurial Ecosystem) ഉയർത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എ.സി. മൊയ്തീൻ എം.എൽ.എ പ്രഖ്യാപിച്ചു. കുന്നംകുളത്തിന്റെ തലമുറകൾ കൈമാറിവന്ന പരമ്പരാഗത വാണിജ്യ അനുഭവങ്ങളും കൊടുക്കൽ വാങ്ങലുകളും നിലനിർത്തിക്കൊണ്ട് തന്നെ, നഗരത്തിന്റെ പ്രൗഢി വർദ്ധിപ്പിക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.


​ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അദ്ധ്യക്ഷത വഹിച്ചു. അർബൻ ചെയർ പ്രൊഫസർ അജിത് കാളിയത്ത് 'സംരംഭക നഗര ആശയവും സാക്ഷാത്കാരവും' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പുഷ്പ ജോണ്‍, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ആർഷ ജിജു, ശ്രീജിത്ത് ആവേൻ, വിവിധ കൌണ്‍സിലര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.കെ മനോജ് നന്ദി രേഖപ്പെടുത്തി.


Post a Comment

Previous Post Next Post