കുന്നംകുളം:പെങ്ങാമുക്കിനെയും വടുതലയെയും ബന്ധിപ്പിക്കുന്ന പൊതുമരാമത്ത് റോഡിലെ ചെറുവള്ളിക്കടവ് പാലത്തിന്റെ പൈലിംഗ് പ്രവൃത്തികൾ ആരംഭിച്ചു. നിർമ്മാണ സ്ഥലം കുന്നംകുളം MLA എ.സി. മൊയ്തീൻ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
2024-25 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 12 കോടി രൂപ അനുവദിച്ചാണ് പുതിയ പാലം യാഥാർത്ഥ്യമാക്കുന്നത്. കാസർകോട് ആസ്ഥാനമായുള്ള 'സീയെച്ച് കൺസ്ട്രക്ഷൻസി'നാണ് നിർമ്മാണച്ചുമതല. 9.33 കോടി രൂപയ്ക്കാണ് പദ്ധതിയുടെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
60 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുള്ളതാണ് പുതിയ പാലം. ഇതിൽ 7.5 മീറ്റർ വീതിയിൽ കാരിയേജ് വേയും ഇരുവശങ്ങളിലും നടപ്പാതകളും ഉണ്ടാകും. പ്രിസ്ട്രെസ്സ്ഡ് കോൺക്രീറ്റ് ഗർഡർ സ്ലാബ് ഡിസൈനിലാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി സോയിൽ സ്റ്റെബിലൈസേഷൻ, കോക്കനട്ട് പൈലിംഗ്, റബിൾ മേസണറി എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അപ്രോച്ച് റോഡുകളുടെ നിർമ്മാണം, ടൈൽ വിരിക്കൽ, കെ.എസ്.ഇ.ബി-വാട്ടർ അതോറിറ്റി സംവിധാനങ്ങളുടെ പുനഃസ്ഥാപനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
നിലവിൽ താത്കാലിക പാലത്തിലൂടെയാണ് അത്യാവശ്യ ചെറുവാഹനങ്ങൾ കടന്നുപോകുന്നത്. നിർമ്മാണ സ്ഥലത്ത് നടന്ന സന്ദർശനത്തിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, പി.ഡബ്ല്യു.ഡി സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റ്റി. സോമശേഖരൻ, കൗൺസിലർമാരായ ഷനോഫ് എൻ.എ, രുദ്ര രജീഷ്, പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ സംഗീത, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


