ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇത്തവണ സമയം നീട്ടി നല്‍കിയേക്കില്ല. ഇതുവരെ അഞ്ച് കോടിയിലേറെപ്പേര്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തു. അവസാന നിമിഷത്തെ തിരക്ക് കൈകാര്യം ചെയ്യാന്‍ വെബ്‌സൈറ്റ് സജ്ജമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന ആദായ നികുതി വകുപ്പ് നികുതി ദായകരോട് ആവശ്യപ്പെട്ടു.പുതിയ ആദായ നികുതി നിയമ പ്രകാരം മൊത്തം വരുമാനം അടിസ്ഥാനമാക്കിയാണ് പിഴ ഈടാക്കുക. വൈകി ഫയല്‍ ചെയ്യുന്നവര്‍ക്ക് ആയിരം രൂപയോ അയ്യായിരമോ ഈയിനത്തില്‍ നല്‍കേണ്ടിവരും. വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഡിസംബര്‍ 31വരെ സമയം ലഭിക്കും.
കഴിഞ്ഞവര്‍ഷം നികുതിദായകര്‍ സമാനമായ സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടപ്പോള്‍ ആദായനികുതി വകുപ്പ് ഐടിആര്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി രണ്ടു തവണ ദീര്‍ഘിപ്പിച്ചു നല്‍കിയിരുന്നു. ജൂലൈ 31ല്‍ നിന്ന് സെപ്റ്റംബര്‍ 15ലേക്കും തുടര്‍ന്ന് സെപ്റ്റംബര്‍ 16ലേക്കുമാണ് നീട്ടിയത്. ശമ്പളക്കാരായ വ്യക്തികള്‍, പെന്‍ഷന്‍കാര്‍, ടാക്സ് ഓഡിറ്റിന് വിധേയരാകേണ്ടതില്ലാത്ത മറ്റുള്ളവര്‍ എന്നിവര്‍ക്കാണ് ജൂലൈ 31 വരെയുള്ള ഐടിആര്‍ ഫയലിങ് തീയതി ബാധകമാകുക.


