കൃഷി വകുപ്പും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'ആത്മ 2026 കിസാൻ ഗോസ്തി' കുന്നംകുളം നഗരസഭ ടൗൺഹാളിൽ തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം എ. സി. മൊയ്തീൻ എം.എൽ.എ. നിർവ്വഹിച്ചു. ആത്മ കർഷക ഉപദേശക സമിതി ചെയർമാൻ എം. ബാലാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ജൂലൈ 30, 31 തീയതികളിലായി നടക്കുന്ന കാർഷിക മേളയിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കർഷക സെമിനാറുകളും കർഷകരുമായുള്ള സംവാദങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, മൂല്യവർധിത ഉൽപ്പന്നങ്ങൾ, കാർഷികോപകരണങ്ങൾ, വിവിധയിനം നടീൽ വസ്തുക്കൾ എന്നിവയുടെ വിപുലമായ സ്റ്റാളുകളും ടൗൺഹാളിൽ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. എം. നൗഷാദ്, ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിധീഷ് എം., ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ലീല രാമകൃഷ്ണൻ, ചൊവ്വന്നൂർ ബ്ലോക്ക് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിബിൻ കെ. യു., ചൊവ്വന്നൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ റിയ ജോസഫ്, കുന്നംകുളം കൃഷി ഫീൽഡ് ഓഫീസർ ജയൻ എസ്. എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, കർഷക പ്രതിനിധികൾ, കർഷക അവാർഡ് ജേതാക്കൾ, അഗ്രോ സംരംഭകർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടുദിവസങ്ങളിലായി നടക്കുന്ന കിസാൻ ഗോസ്തിയുടെ സമാപന സമ്മേളനം ജൂലൈ 31-ന് വൈകീട്ട് 4:00 മണിക്ക് പ്രൊഫ. സി. രവീന്ദ്രനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.


