കുന്നംകുളം:കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് മുൻഗണന നൽകിക്കൊണ്ട് കുന്നംകുളം നഗരസഭയുടെ വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികൾക്കുള്ള കളിപ്പാട്ട വിതരണോദ്ഘാടനം നഗരസഭ കോൺഫറൻസ് ഹാളിൽ വെച്ച് വിപുലമായ ചടങ്ങുകളോടെ നടന്നു. നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ കളിപ്പാട്ട വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. അങ്കണവാടികളിലെ കുട്ടികൾക്ക് കളികളിലൂടെയുള്ള മികച്ചൊരു പഠന അന്തരീക്ഷം ഒരുക്കുക എന്ന വലിയ ലക്ഷ്യത്തോടെയാണ് നഗരസഭ ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
നഗരസഭ വൈസ് ചെയർമാൻ പി.ജി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികളുടെ സർഗ്ഗാത്മകതയും വിനോദവും ഒരുപോലെ വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന വിവിധതരത്തിലുള്ള കളിപ്പാട്ടങ്ങളാണ് പദ്ധതിയുടെ ഭാഗമായി 48 അങ്കണവാടികൾക്കായി കൈമാറിയത്. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ടി. സോമശേഖരൻ, വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സണ്‍ ആർഷ ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇവർക്ക് പുറമെ വിവിധ കൗൺസിലർമാര്‍, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി ജീവനക്കാര്‍ എന്നിവരും വിതരണോദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.


