ഇരിങ്ങാലക്കുട: തൃശ്ശൂർ റൂറൽ ജില്ലയിൽ മയക്കുമരുന്ന് വിപണനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി മൂന്ന് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ എൻ.ഡി.പി.എസ്. ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ കണ്ണൻ എന്നറിയപ്പെടുന്ന 37 വയസ്സുകാരനായ വിഷ്ണുവിനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്സിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുറപ്പെടുവിച്ച ഒരു വർഷത്തെ തടങ്കൽ ഉത്തരവ് പ്രകാരം, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കി. മയക്കുമരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികമായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള നിയമമാണിത്.
പ്രതിയായ വിഷ്ണു മൂന്ന് പ്രമുഖ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. മലപ്പുറം കാടാമ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 3.400 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായതാണ് ഇതിലൊരു കേസ്. ഈ കേസിൽ വിഷ്ണുവിനെ കോടതി രണ്ട് വർഷം കഠിനതടവിനും പതിനായിരം രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചിരുന്നുവെങ്കിലും നിലവിൽ പ്രതി ഈ കേസിൽ അപ്പീൽ ജാമ്യത്തിലാണ് കഴിയുന്നത്. ഇടുക്കി ദേവികുളം പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 7.530 ഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിൽ കോടതി പതിനായിരം രൂപ പിഴയൊടുക്കാൻ ഇയാളെ ശിക്ഷിച്ചിട്ടുണ്ട്. ഇതുകൂടാതെ, തൃശൂർ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 6.650 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ കേസിലും വിഷ്ണു പ്രതിയാണ്.
വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. അനിൽകുമാർ കെ., ജി.എസ്.ഐ. ഉണ്ണി പി.വി., ജി.എ.എസ്.ഐ. ഭരതനുണ്ണി, സി.പി.ഒ.മാരായ ആദർശ്, വിഷ്ണു ആനന്ദ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ പിടികൂടുന്നതിലും എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കടുത്ത നടപടികൾ പൂർത്തിയാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്.


