കുന്നംകുളം ആർത്താറ്റ് കൃഷിഭവന്റെ നേതൃത്വത്തിൽ കർഷകർക്കായി കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. ആത്മ (ATMA) 2026-27 കപ്പാസിറ്റി ബിൽഡിംഗ് പദ്ധതിയുടെ ഭാഗമായാണ് കർഷകർക്ക് സ്വയംതൊഴിൽ കണ്ടെത്താനും വരുമാനം വർദ്ധിപ്പിക്കാനും സഹായിക്കുന്ന രീതിയിൽ പരിശീലനം നൽകിയത്.
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ നിർവ്വഹിച്ചു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിഷ സെബാസ്റ്റ്യൻ പരിപാടിക്ക് ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് കൗൺസിലർ ദിലീപ്, വിവിധ കൃഷി ഉദ്യോഗസ്ഥർ, പ്രദേശത്തെ നിരവധി കർഷകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മണ്ണുത്തി കാർഷിക സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദിവ്യ ജെയിംസ് ആണ് പരിശീലന ക്ലാസിന് നേതൃത്വം നൽകിയത്.
കൂൺ കൃഷി ചെയ്യേണ്ട രീതികൾ, പരിചരണം, വിളവെടുപ്പ് എന്നിവയെക്കുറിച്ച് കർഷകർക്ക് അദ്ദേഹം വിശദമായ വിവരങ്ങൾ നൽകി.
പരിശീലനത്തിൽ പങ്കെടുത്ത കർഷകർക്ക് തുടർനടപടികൾക്കായി കൂൺ വിത്ത്, പെല്ലറ്റ് (pellet), പി.പി കവർ എന്നിവ അടങ്ങുന്ന പ്രത്യേക കിറ്റുകളും വിതരണം ചെയ്തു. നൂതന കൃഷിരീതികൾ പ്രാവർത്തികമാക്കാനും വീട്ടമ്മമാർക്കും കർഷകർക്കും ഒരുപോലെ അധിക വരുമാനം നേടാനും ഈ പരിശീലനം ഏറെ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.


