കുന്നംകുളം: കേരള ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കുന്നംകുളത്ത് എത്തിയ മന്ത്രി സി. പി. ജോണിന് കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു.
കുന്നംകുളത്തിന്റെ ഗതാഗത വികസനവുമായി ബന്ധപ്പെട്ട് നഗരസഭയുടെ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം ചെയർപേഴ്സൺ മന്ത്രിക്ക് കൈമാറി. കുന്നംകുളത്ത് നിന്ന് തെക്കോട്ടും വടക്കോട്ടും പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിക്കുക, എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ കയറിയിറങ്ങുന്നത് ഉറപ്പാക്കാൻ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസ് പ്രവർത്തനം ആരംഭിക്കുക, താലൂക്ക് ആസ്ഥാനമായ കുന്നംകുളത്ത് പുതിയ ആർ.ടി.ഒ. ഓഫീസ് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
മറുപടി പ്രസംഗത്തിൽ കുന്നംകുളത്ത് പുതിയ ആർ.ടി.ഒ. ഓഫീസ് സ്ഥാപിക്കുന്നതിനുള്ള വകുപ്പുതല നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നും മന്ത്രി സി. പി. ജോൺ അറിയിച്ചു. കുന്നംകുളത്ത് നിന്ന് പുതിയ കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിലും അനുഭാവപൂർണമായ തീരുമാനമുണ്ടാകുമെന്നും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വൈസ് ചെയർപേഴ്സൺ പി.ജി. ജയപ്രകാശ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ ജോൺ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി മോൻസി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സോമശേഖരൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർഷ ജിജു, കൗൺസിലർമാരായ ഷാജി ആലിക്കൽ, ശ്രീജിത്ത് ആവേൻ, സോമൻ ചെറുകുന്ന്, ലബീബ് ഹസൻ, ഗീത ശശി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ് നന്ദി യും പറഞ്ഞു


