തൃശൂർ ഗവ. ഓൾഡ് ഏജ് ഹോമിന് അഭിമാനനേട്ടം : 'നിറം' ഫാഷൻ ഷോയിൽ നാല് പുരസ്‌കാരങ്ങൾ


 സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ രാമവർമ്മപുരം ഗവ. ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഫാഷൻ ഷോയിൽ മിന്നുന്ന വിജയം. ക്രൈസ്റ്റ് കോളേജിലെ 'തവനിഷ്' സംഘടന മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിച്ച 'നിറം'ഫാഷൻ ഷോ മത്സരത്തിൽ നാല് പുരസ്‌കാരങ്ങൾ നേടി ഗവ. ഓൾഡ് ഏജ് ഹോമിലെ അച്ഛനമ്മമാർ താരങ്ങളായി.


പൊതുജനങ്ങളും വിവിധ വൃദ്ധസദനങ്ങളിൽ നിന്നുള്ളവരുമായി 76 പേർ പങ്കെടുത്ത മത്സരത്തിൽ റാംപ് വാക്ക്, സ്വയം പരിചയപ്പെടുത്തൽ, ടാലന്റ് റൗണ്ട് എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. തൃശൂർ ഗവ. ഓൾഡ് ഏജ് ഹോമിനെ പ്രതിനിധീകരിച്ചെത്തിയ 74-കാരിയായ വത്സല 'മിസിസ് ഫീമെയിൽ ഫാഷൻ ഐക്കൺ' ആയി തെരഞ്ഞെടുക്കപ്പെട്ടു. പതിനായിരം രൂപയും കിരീടവും മൊമെന്റോയും നേടി.


72-കാരനായ ശശി ഒന്നാം റണ്ണർ അപ്പായി തെരഞ്ഞെടുക്കപ്പെട്ട് 7,500 രൂപയും മൊമെന്റോയും കരസ്ഥമാക്കിയപ്പോൾ, 75-കാരിയായ കുഞ്ഞുമോൾ രണ്ടാം റണ്ണർ അപ്പായി 5,000 രൂപയും മൊമെന്റോയും നേടി. 70-കാരനായ മോഹൻ 'ബെസ്റ്റ് പെർഫോർമർ' പുരസ്‌കാരത്തിനും അർഹനായി. 74-കാരനായ മോഹനൻ, 70-കാരനായ വിജയകുമാർ എന്നിവരുൾപ്പെടെ ആറുപേരാണ് തൃശൂർ ഗവ. ഓൾഡ് ഏജ് ഹോമിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തത്.


കഴിഞ്ഞ വർഷവും ഇതേ മത്സരത്തിലെ പ്രധാന പട്ടങ്ങൾ ഇവിടത്തെ താമസക്കാരായ വത്സല, മോഹൻ എന്നിവർക്കായിരുന്നു. തുടർച്ചയായി ലഭിക്കുന്ന ഈ നേട്ടം മുതിർന്ന പൗരന്മാരുടെ ആത്മവിശ്വാസവും സർഗ്ഗശേഷിയും ഉയർത്താൻ ഏറെ സഹായകരമാണെന്ന് ജീവനക്കാരും അന്തേവാസികളും അഭിപ്രായപ്പെട്ടു. പ്രായത്തെ തോൽപ്പിക്കുന്ന ആത്മവിശ്വാസത്തോടെ ഇവർ പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ്.

Post a Comment

Previous Post Next Post