കാട്ടൂർ: കുട്ടികൾക്കും യുവാക്കൾക്കും വിൽപ്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ വില്ലേജ് പൊഞ്ഞനം ശ്രീകാളീശ്വരി ഉന്നതി സ്വദേശിയായ അഞ്ചാംകൂട്ടത്തിൽ വീട്ടിൽ സ്നേഹിതൻ (24) എന്നയാളാണ് പോലീസിന്റെ പിടിയിലായത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ 'ഓപ്പറേഷൻ തൂഫാൻ' എന്ന പദ്ധതിയിലൂടെയാണ് പ്രതിയെ പിടികൂടാനായത്.
കുട്ടികൾക്ക് ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ശ്രമിച്ചതിനാൽ അതീവ ഗുരുതരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ലഹരിമരുന്ന് വിരുദ്ധ നിയമമായ എൻ.ഡി.പി.എസ് ആക്ടിന് പുറമെ, കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്താൻ സൂക്ഷിച്ച കുറ്റത്തിന് ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ 'സെക്ഷൻ 77' കൂടി ഉൾപ്പെടുത്തിയാണ് പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു.
കാട്ടൂർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഷെമീർ പി.എം, എസ്.ഐ മഹേഷ് സി.എം, എ.എസ്.ഐ മിനി, ജി.എ.എസ്.ഐ ധനേഷ് സി.ജി, ജി.എസ്.സി.പി.ഒ ശ്യാം, സി.പി.ഒ കൃഷ്ണ കുമാർ, സി.പി.ഒ അബ്ദുൾ വാഹിദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്. പ്രദേശത്ത് ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസ് സംഘത്തിന്റെ തീരുമാനം.


