തൃശ്ശൂർ പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ പ്രതിയും പ്രായപൂർത്തിയാകാത്ത കൂട്ടാളിയും കയ്പമംഗലം പോലീസിന്റെ പിടിയിൽ

പെരിഞ്ഞനത്തെ ചായക്കടയിൽ അതിക്രമിച്ചുകയറി മാരകായുധമായ വാൾ കാട്ടി വധഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസിലെ പ്രതിയെയും കൂട്ടാളിയായ നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെയും കയ്പമംഗലം പോലീസ് പിടികൂടി. താന്ന്യം  പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ 18 വയസ്സുകാരനായ അരുൺ ആണ് പോലീസിന്റെ പിടിയിലായ പ്രതി. കേസിൽ അരുണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടിയെ അപ്രഹന്റ് ചെയ്തിട്ടുണ്ടെന്നും ബാലനീതി നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

2026 ജൂലൈ 5-ാം തീയതി രാവിലെ പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെരിഞ്ഞനം സെന്ററിന്റെ വടക്കുഭാഗത്ത് കയ്പമംഗലം ഡോക്ടർ പടി സ്വദേശി പൊന്നത്ത് വീട്ടിൽ 36 വയസ്സുകാരനായ വിനയകുമാർ നടത്തുന്ന 'കട്ടൻസ്' എന്ന ടീ ഷോപ്പിലായിരുന്നു പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കടയ്ക്കുള്ളിലിരുന്ന് പ്രതികൾ സിഗരറ്റ് വലിക്കുകയും, ഇതിനിടയിൽ ഒന്നാം പ്രതിയായ അരുൺ ഫോണിലൂടെ ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്തിരുന്നു. ചായക്കടയിൽ വെച്ചുള്ള ഈ പെരുമാറ്റം ചോദ്യം ചെയ്ത വിനയകുമാർ ഇവരോട് കടയ്ക്ക് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിൽ പ്രകോപിതരായ പ്രതിയും കൂട്ടാളിയും വിനയകുമാറിനോട് കടുത്ത വൈരാഗ്യം വെച്ചുപുലർത്തി. തുടർന്ന് മാരകായുധമായ വാളുമായി കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറിയ ഇവർ വിനയകുമാറിന് നേരെ വാൾ ചൂണ്ടുകയായിരുന്നു. നിന്നെയും നിന്റെ കടയെയും കത്തിച്ചുകളയുമെന്നും നിന്നെ തീർത്തുകളയുമെന്നും ആക്രോശിച്ച് വിനയകുമാറിന് നേരെ ഇവർ വധഭീഷണി മുഴക്കുകയും ചെയ്തു.

പിടിയിലായ ഒന്നാം പ്രതി അരുൺ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. വലപ്പാട്, അന്തിക്കാട്, കയ്പമംഗലം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസിലും, വധശ്രമക്കേസിലും, കുട്ടികൾക്കും മറ്റും വിൽപ്പന നടത്താനായി സൂക്ഷിച്ച കഞ്ചാവുമായി അറസ്റ്റിലായ കേസിലും ഉൾപ്പെടെ മൂന്ന് ക്രിമിനൽക്കേസുകളിൽ ഇയാൾ പ്രതിയാണ്. കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, ജി എസ് ഐ രമേഷ്, ജി എസ് സി പി ഒ മാരായ ജോസഫ്, സുനിൽകുമാർ, സിനോജ്, രജനീഷ്, പ്രജിത്ത് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ വേഗത്തിൽ പിടികൂടിയത്.

 

Post a Comment

Previous Post Next Post