മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ്; തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് സെമിയിൽ


 ബോസ്റ്റണ്‍: 2026 ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ മിന്നല്‍ ഫോമിലേക്ക് ഉയര്‍ന്ന ഫ്രാന്‍സിനായി സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ, ഉസ്മാന്‍ ഡെംബെലെ എന്നിവരാണ് ഗോളുകള്‍ നേടിയത്. ബോസ്റ്റണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയത്തോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് സെമി ഫൈനലില്‍ പ്രവേശിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. 26-ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചെങ്കിലും അത് ഗോളാക്കി മാറ്റാന്‍ ഫ്രഞ്ച് നായകന്‍ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കോയുടെ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനുവിന്റെ തകര്‍പ്പന്‍ സേവ് ഫ്രാന്‍സിന്റെ ലീഡ് നേടാനുള്ള മോഹങ്ങള്‍ക്ക് തടയിട്ടു. മൊറോക്കോ പ്രതിരോധം ശക്തമായി നിലയുറപ്പിച്ചതോടെ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനാകാതെ ആദ്യ പകുതി അവസാനിച്ചു.രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമണ ഫുട്‌ബോളുമായി ഇറങ്ങിയ ഫ്രാന്‍സ് 60-ാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതിന് പ്രായശ്ചിത്തമെന്നോണം എംബാപ്പെ തന്നെയാണ് വലകുലുക്കിയത്. ഈ ഗോളോടെ ഈ ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് റേസിലും എംബാപ്പെ മുന്നിലെത്തി. മൊറോക്കോ ഈ ആഘാതത്തില്‍ നിന്ന് മുക്തമാകുന്നതിന് മുന്‍പ് തന്നെ ഫ്രാന്‍സ് അടുത്ത പ്രഹരമേല്‍പ്പിച്ചു. 66-ാം മിനിറ്റില്‍ ഉസ്മാന്‍ ഡെംബെലെ ഉതിര്‍ത്ത നിലംപറ്റെയുള്ള ഷോട്ട് മൊറോക്കന്‍ കീപ്പറെ മറികടന്ന് വലയില്‍ പതിച്ചതോടെ ഫ്രാന്‍സ് ജയം ഉറപ്പിച്ചു (2-0).മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ മൊറോക്കോ ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധം ഭേദിക്കാന്‍ അവര്‍ക്കായില്ല. മത്സരത്തിന്റെ അവസാനത്തോടെ എംബാപ്പെ പരിക്കേറ്റ് ഐസ് പാക്കുമായി ബെഞ്ചിലേക്ക് മാറിയത് ഫ്രഞ്ച് ആരാധകരില്‍ നേരിയ ആശങ്ക ഉണ്ടാക്കിയെങ്കിലും കളിക്ക് ശേഷം അദ്ദേഹം ടീമംഗങ്ങളോടൊപ്പം വിജയമാഘോഷിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. സെമി ഫൈനലില്‍ സ്‌പെയിന്‍ - ബെല്‍ജിയം മത്സരത്തിലെ വിജയികളെയാണ് ഫ്രാന്‍സ് നേരിടുക.

Post a Comment

Previous Post Next Post