എടപ്പാൾ:ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെ മാത്രംഉത്തരവാദിത്വമല്ല, സമൂഹം ഒന്നാകെ ഏറ്റെടുക്കേണ്ട ദൗത്യമാണെന്ന ശക്തമായ സന്ദേശവുമായി എടപ്പാളിൽ സൗഹൃദ ഫുട്ബോൾ മത്സരം അരങ്ങേറി. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളായ ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ എന്നിവയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ജനപ്രതിനിധികളും പൊതുപ്രവർത്തകരും ഒരേ മൈതാനത്ത് അണിനിരന്നത്.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കണ്ടനകം ഡിവിഷൻ മെമ്പർ ടി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായ പോരാട്ടം വിജയിപ്പിക്കാൻ ജനങ്ങളുടെ സജീവ പങ്കാളിത്തം അനിവാര്യമാണെന്ന് അവർ പറഞ്ഞു. പോലീസ് വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്. ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ ജനപിന്തുണ തുടരണം. ഓപ്പറേഷൻ തൂഫാൻ ഒരു സർക്കാർ പദ്ധതിയായി മാത്രം ഒതുങ്ങാതെ ജനകീയ മുന്നേറ്റമായി മാറണംഎന്നും അവർ അഭിപ്രായപ്പെട്ടു.
ടി.പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.എം. മനീഷ്, അഡ്വ. രഞ്ജിത്ത് തുറയാറ്റിൽ, കെ.വി. നാരായണൻ, സി.പി. അബ്ദുള്ള തവനൂർ, കെ.ജി. ബെന്നി, ചട്ടിക്കൽ മാധവൻ, ഇ.പി. രാജീവ്, സി.വി. സന്ധ്യ, ബഷീർ തുറയാറ്റിൽ, രാജഗോപാൽ കണ്ടനകം, പ്രകാശൻ കാലടി, സി.ആർ. മനോഹരൻ, കെ.ജി. ബാബു, കരീം പോത്തന്നൂർ, കണ്ണൻ നമ്പ്യാർ, പ്രണവ് ചന്ദ്രൻ, സുജീഷ് നമ്പ്യാർ, പ്രണവ് കോലത്തറ, സുബീഷ് തവനൂർ എന്നിവർ സംസാരിച്ചു.
സൗഹൃദ മത്സരത്തിലെ വിജയികൾക്ക് തവനൂർ നിയോജകമണ്ഡലം എം.എൽ.എ അഡ്വ. വി.എസ്. ജോയ് സമ്മാനങ്ങൾ വിതരണം ചെയ്തു. ലഹരിക്കെതിരായ ബോധവൽക്കരണത്തിന് കായികരംഗത്തെയും സാമൂഹിക പ്രവർത്തകരെയും ഒരുമിപ്പിച്ച ഈ പരിപാടി ശ്രദ്ധേയമായി.


