ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം.


 കോഴിക്കോട്: ബേപ്പൂരിലെ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രമായ രേണുക ഓയില്‍ മില്ലില്‍ വന്‍ തീപിടിത്തം. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് വെളിച്ചെണ്ണ മില്ലില്‍ നിന്ന് തീ പടര്‍ന്നത്. പ്രദേശവാസികള്‍ എത്തുമ്പോഴേക്കും മില്ലിന്റെ കാല്‍ഭാഗത്തോളം തീ വിഴുങ്ങിയിരുന്നു. മില്ലില്‍ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ സംഭരണികളിലേക്കും കൊപ്ര ചാക്കുകളിലേക്കും തീ ആളിപ്പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. കന്നാസുകളിലും പാത്രങ്ങളിലും സംഭരണികളിലുമായി സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണ മുഴുവന്‍ കത്തിനശിച്ചു. മില്‍ വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ലോറിയും തീപിടിത്തത്തില്‍ കത്തിയമര്‍ന്നു.ഞായറാഴ്ചയായതിനാല്‍ സംഭവസമയത്ത് മില്ലില്‍ ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായം ഒഴിവായി. സ്ഥാപനത്തിന് സമീപം താമസിച്ചിരുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട് ഫയര്‍ ഫോഴ്‌സിനെ വിവരമറിയിച്ചത്. അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post