ന്യൂയോർക്ക്: ഈ ലോകകപ്പിലെ വമ്പൻ അട്ടിമറിക്ക് ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയം സാക്ഷികളായി. 5 തവണ ലോക കിരീടം നേടിയതിന്റെ ഗരിമയുമായി എത്തിയ ബ്രസീലിനെ തകർത്തെറിഞ്ഞ് നോർവെ ചരിത്രമെഴുതി ക്വാർട്ടറിലേക്ക് മുന്നേറി. ഇതാദ്യമായാണ് നോർവെ ലോകകപ്പിന്റെ ക്വാർട്ടറിൽ എത്തുന്നത്. എർളിങ് ഹാളണ്ടെന്ന മാഞ്ചസ്റ്റർ സിറ്റിയുടെ സ്ട്രൈക്കർ ഒരു ഭീഷണിയേ അല്ലെന്നു മത്സരത്തിനു മുൻപ് ബ്രസീൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞിരുന്നു. അതേ ഹാളണ്ട് രണ്ട് തവണ വല ചലിപ്പിച്ച് ബ്രസീലിനെ നാട്ടിലേക്ക് മടക്കി. താരത്തിന്റെ ഇരട്ട ഗോൾ ബലത്തിൽ 2-1നാണ് ബ്രസീലിന്റെ ജയം. കളിയുടെ അവസാന നിമിഷത്തിൽ കിട്ടിയ പെനാൽറ്റി വലയിലെത്തിച്ച് പകരക്കാരനായി ഇറങ്ങിയ സൂപ്പർ താരം നെയ്മർ ഒരു ഗോൾ മടക്കി കാനറികൾക്ക് ആശ്വാസം നൽകിയത് മാറ്റി നിർത്തിയാൽ ബ്രസീലിന് മൈതാനത്ത് തൊട്ടതെല്ലാം പിഴച്ച ദിവസമായിരുന്നു. 2002ലെ ലോകകപ്പ് കിരീട വിജയത്തിനു ശേഷം തുടരെ ആറാം ലോകകപ്പിലാണ് ബ്രസീൽ കിരീട നേട്ടമില്ലാതെ മടങ്ങുന്നത്.
കളിയുടെ 79ാം മിനിറ്റ് വരെ ഇരു ടീമുകളും ഗോൾ നേടിയിരുന്നില്ല. 79ാം മിനിറ്റിൽ ഹാളണ്ട് നേടിയ ഹെഡ്ഡർ കോടിക്കണക്കായ ബ്രസീൽ ആരാധകരുടെ നെഞ്ച് തുളയ്ക്കുന്നതായി മാറി. അവിടെയും തീർന്നില്ല. 90ാം മിനിറ്റിൽ ഗോളടി പ്രാക്ടീസ് പോലെ ബോക്സിനു തൊട്ടുപുറത്തു നിന്നു ഹാളണ്ട് നീട്ടിയടിച്ച ഇടം കാലൻ ഷോട്ടും ബ്രസീൽ വലയിൽ കയറിയതോടെ അവരുടെ തിരിച്ചു വരാനുള്ള മോഹങ്ങളെല്ലാം ഒലിച്ചു പോയി. ഈ ലോകകപ്പിലെ താരത്തിന്റെ ഏഴാം ഗോളാണ് ബ്രസീലിനെതിരെ പിറന്നത്.
1990ന് ശേഷം ആദ്യമായാണ് ബ്രസീൽ ഒരു ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ പുറത്താകുന്നത്. ഇതുകൂടാതെ നോർവേയ്‌ക്കെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേട് ബ്രസീലിനെ ഇനിയും പിന്തുടരും. ഫുട്‌ബോളിൽ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കൽ പോലും തോൽപ്പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോർവെ. അന്താരാഷ്ട്ര ഫുട്‌ബോളിൽ ബ്രസീലും നോർവെയും ഇതുവരെ ആറ് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. ആറാമത്തെ പോരാട്ടം ഈ ലോകകപ്പിലെ പ്രീ ക്വാർട്ടർ മത്സരമായിരുന്നു. ഈ തോൽവിക്ക് ബ്രസീലിനു സ്വയം പഴിക്കാം. കളിയുടെ തുടക്കത്തിൽ കിട്ടിയ പെനാൽറ്റി വലയിലെത്തിക്കാൻ അവർക്ക് സാധിച്ചിരുന്നെങ്കിൽ ഒരുപക്ഷേ കളി മാറിയേനെ.പന്തടക്കത്തിലും പാസിങ്ങിലും നോർവെയാണ് ആദ്യ പകുതിയിൽ മുന്നിട്ടു നിന്നത്. എന്നാൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ബ്രസീലാണ്. കാനറിപ്പട ആറ് ഷോട്ടുകൾ ഉതിർത്തപ്പോൾ നോർവേ നാലെണ്ണം പായിച്ചു. നോർവേയുടെ ആക്രമണങ്ങളെ തടയാൻ ബ്രസീൽ ഡിഫൻഡർമാർ ആദ്യ പകുതിയിൽ തന്നെ 12 ക്ലിയറൻസുകളും 8 ഇന്റർസെപ്ഷനുകളും നടത്തി. ബ്രസീൽ കീപ്പർ അലിസൺ ബെക്കറും നോർവേ കീപ്പർ ഓറിയൻ നെയ്‌ലാൻഡും 2 നിർണായക സേവുകൾ ആദ്യ പകുതിയിൽ നടത്തി.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ നോർവെ താരങ്ങൾ ബ്രസീൽ ബോക്‌സിലേക്ക് ഇരമ്പിയെത്തുന്ന കാഴ്ചയായിരുന്നു. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ നോർവേ താരം പാട്രിക് ബെർഗ് ബോക്‌സിന് പുറത്തു നിന്ന് തൊടുത്ത മനോഹരമായ കർവിങ് ഷോട്ട് ബ്രസീലിന്റെ വലയിലെത്തിയിരുന്നു. എന്നാൽ ക്രോസ് നൽകിയ അലക്സാണ്ടർ സോർലോത്ത് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നതിനാൽ റഫറി ഈ ഗോൾ അനുവദിച്ചില്ല. പിന്നീട് നോർവെ ഒന്ന് പതുങ്ങി പ്രതിരോധത്തിലേക്ക് വലിയുന്ന കാഴ്ചയായിരുന്നു.
പിന്നാലെയാണ് 10ാം മിനിറ്റിൽ ബ്രസീലിനു അനുകൂലമായി പെനാൽറ്റി കിട്ടിയത്. 10ാം മിനിറ്റിൽ മത്യാസ് കുന്യയെ നോർവെ താരം ഫൗൾ ചെയ്തതിന് വാർ പരിശോധനയ്ക്കു ശേഷം റഫറി ബ്രസീലിന് അനുകൂലമായി പെനൽറ്റി വിധിച്ചു. എന്നാൽ 14ാം മിനിറ്റിൽ കിക്ക് എടുത്ത ബ്രസീലിന്റെ മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരെസിന്റെ ഷോട്ട് നോർവെ ഗോൾകീപ്പർ ഓറിയൻ നെയ്‌ലാൻഡ് തകർപ്പൻ സേവിലൂടെ തടയുകയായിരുന്നു.
ആദ്യ പകുതിയിലുടനീളം കൗണ്ടർ അറ്റാക്കുകളിൽ മികച്ച അവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു. പക്ഷേ ഗബ്രിയേൽ മാർട്ടിനെല്ലിക്കും കുന്യയ്ക്കും അതൊന്നും മുതലാക്കാനായില്ല.മറുവശത്ത് നോർവെയ്ക്കും മൂന്നോളം മികച്ച അവസരങ്ങൾ ആദ്യ പകുതിയിൽ ലഭിച്ചെങ്കിലും അവർക്കും ലക്ഷ്യം കാണാനായില്ല. 35ാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാർഡിന്റെ ഷോട്ട് സൈഡ്‌നെറ്റിലിടിച്ചു. 39ാം മിനിറ്റിൽ വിനീഷ്യസ് ജൂനിയറിന്റെ ഒരു ഇടം കാലനടി നെയ്ലാൻഡ് തടഞ്ഞു. ആദ്യ പകുതിക്ക് തൊട്ടുമുൻപ് നോർവെയ്ക്ക് ലഭിച്ച മികച്ചൊരു അവസരം ഒഡെഗാർഡ് നഷ്ടപ്പെടുത്തുകയും ചെയ്തു.
രണ്ടാം പകുതിയിൽ എൻഡ്രിക്കും പിന്നീട് നെയ്മറും കളത്തിലെത്തിയെങ്കിലും ബ്രസീലിന്റെ കളിക്ക് മാറ്റമൊന്നും ഉണ്ടായില്ല. 59ാം മിനിറ്റിൽ വിനീഷ്യസ് നൽകിയ പാസിൽ നിന്ന് ലഭിച്ച സുവർണാവസരം എൻഡ്രിക്ക് പുറത്തേക്കടിച്ച് കളഞ്ഞു.
പിന്നാലെയാണ് 79ാം മിനിറ്റിൽ ഹാളണ്ടിന്റെ ആദ്യ ഗോളെത്തിയത്. ആന്ദ്രേസ് ഷിൽഡെറപ്പ് ഉയർത്തി നൽകിയ പന്ത് ഹെഡറിലൂടെ ഹാളണ്ട് വലയിലാക്കിയതോടെ ബ്രസീൽ ഞെട്ടി. പിന്നാലെ 90ാം മിനിറ്റിൽ അനായാസമായൊരു ഇടം കാലനടിയിലൂടെ ഹാളണ്ട് ബ്രസീലിന്റെ പതനം പൂർത്തിയാക്കി. ഇൻഞ്ച്വറി ടൈമിൽ കാസെമിറോയ്‌ക്കെതിരായ ഫൗളിന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നെയ്മർ ബ്രസീലിനായി ഒരു ഗോൾ മടക്കി. പക്ഷേ അതുകൊണ്ട് തോൽവി ഭാരം കുറച്ചു എന്നല്ലാതെ മറ്റൊരു പ്രതീക്ഷയും ഉണ്ടായിരുന്നില്ല. ഒരിക്കൽ കൂടി പ്രതാപ കാലത്തിന്റെ ഓർമകൾ പേറി കാനറികൾ നാട്ടിലേക്ക് മടങ്ങി


