വ്യാജ പണമിടപാട് ആപ്പ് വഴി സ്വർണ്ണക്കടകളിൽ തട്ടിപ്പ്: പ്രതി പെരുമ്പടപ്പ് പോലീസിന്റെ പിടിയിൽ


 പെരുമ്പടപ്പ് :​വ്യാജ പണമിടപാട് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഓൺലൈൻ വഴി പണം കൈമാറിയെന്ന് വിശ്വസിപ്പിച്ച് സ്വർണ്ണക്കടകളിൽ നിന്ന് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തു. വെളിയങ്കോട് സ്കൂൾപടി പുളിക്കൽ ഹൗസ് ജംഷാദ് (29) നെയാണ് പോലീസ് പിടികൂടിയത്.


​പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ എരമംഗലം, കാഞ്ഞിരമുക്ക് തുടങ്ങിയ സ്ഥലങ്ങളിലെ സ്വർണ്ണക്കടകളിലാണ് പ്രതി പ്രധാനമായും തട്ടിപ്പ് നടത്തിയത്. കടകളിൽ കയറി പ്രധാനമായും കൈ ചെയിനും മറ്റും വാങ്ങിയ ശേഷം ഓൺലൈൻ വഴി പണം അയച്ചതായി പ്രതി കടക്കാരെ വിശ്വസിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. 


പ്രതി തന്റെ മൊബൈൽ ഫോണിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു പ്രത്യേക വ്യാജ ആപ്ലിക്കേഷൻ വഴിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഈ ആപ്പിൽ സ്വർണ്ണക്കടക്കാരുടെ അക്കൗണ്ടിലേക്ക് പണം വിജയകരമായി കൈമാറിയെന്ന രീതിയിൽ (Successful Payment) കാണിക്കും. തുക കൃത്യമായി ട്രാൻസ്ഫർ ആയെന്ന് ഫോൺ സ്ക്രീൻ കാണിച്ച് ബോധ്യപ്പെടുത്തുന്നതിനാൽ കടക്കാർക്ക് സംശയം തോന്നിയിരുന്നില്ല. ഈ വിശ്വാസത്തിന്മേൽ കടക്കാർ സ്വർണ്ണം നൽകുകയും ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ ഇവരുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടാവില്ല. അല്പം കഴിഞ്ഞ് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് വ്യാപാരികൾ തട്ടിപ്പിന് ഇരയായ വിവരം തിരിച്ചറിയുന്നത്. പണം പിന്നീട് തന്റെ അക്കൗണ്ടിലേക്ക് തന്നെ തിരികെ വരുന്ന രീതിയിലാണ് പ്രതി ആപ്പ് സജ്ജീകരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 


ജില്ലാ പോലീസ് മേധാവിയുടെ (SP) നിർദ്ദേശപ്രകാരം, ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. തുടർന്ന് ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പോലീസുകാരൻ പ്രതിയെ കണ്ടെത്തുകയും തിരിച്ചറിഞ്ഞ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

​പ്രതിക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പൊന്നാനി, തിരൂർ, ചങ്ങരംകുളം തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾ സംസ്ഥാനത്തെ മറ്റ് എവിടെയൊക്കെ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അറിയാൻ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പെരുമ്പടപ്പ് പോലീസ് വ്യക്തമാക്കി.


പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സന്തോഷ് എം എ, എസ് ഐ ശ്രീകാന്ത്, എ എസ് ഐ ഉദയകുമാർ, സീനിയർ സിപിഒ വിഷ്ണു തമ്പാൻ, അക്ബർ, ഗിരീഷ്, റഷീദ്, കപിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post