കരുതലിന്റെ ഓണക്കോടിയുമായി ശിവദാസൻ;15 വർഷമായി നിർധന അമ്മമാർക്ക് കൈത്താങ്ങ്

ചങ്ങരംകുളം:ചുമട്ടുതൊഴിലാളിയായി വിയർപ്പൊഴുക്കി സമ്പാദിക്കുന്നതിൽ നിന്ന് ഒരു പങ്ക് മാറ്റിവെച്ച്, ഓണത്തിന്റെ സന്തോഷം അർഹരായ അമ്മമാരിലേക്കും എത്തിക്കുകയാണ് ചങ്ങരംകുളത്തെ ചുമട്ടു തൊഴിലാളി കെ.ബി. ശിവദാസൻ. 


കഴിഞ്ഞ 15 വർഷമായി സ്വന്തം സമ്പാദ്യത്തിൽനിന്ന് മാറ്റിവെച്ച തുക ഉപയോഗിച്ച് നിർധനരും നിരാലംബരുമായ അമ്മമാർക്കായി ശിവദാസൻ നടത്തിവരുന്ന കാരുണ്യപദ്ധതിയാണ് സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി


ഓണം വരുമ്പോൾ സ്വന്തം വീട്ടിലെ ആഘോഷങ്ങൾക്കൊപ്പം മറ്റൊരു കൂട്ടം അമ്മമാരുടെ മുഖത്ത് പുഞ്ചിരി വിരിയണമെന്ന ആഗ്രഹമാണ് ശിവദാസനെ ഈ നന്മയിലേക്ക് നയിക്കുന്നത്. 


പതിവ് തെറ്റിക്കാതെ ഈ വർഷവും അർഹരായ അമ്മമാർക്ക് ഓണക്കോടിക്കൊപ്പം പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന ഓണക്കിറ്റും വിതരണം ചെയ്തു.


ആലങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ നിർധന കുടുംബങ്ങളിൽനിന്ന് തിരഞ്ഞെടുത്ത അമ്പതിലേറെ അമ്മമാർക്കാണ് ഇത്തവണ കരുതലിന്റെ കൈത്താങ്ങായത്. 


ഓണത്തിന്റെ സന്തോഷം എല്ലാവരിലേക്കും എത്തണമെന്ന ലക്ഷ്യത്തോടെയാണ് വർഷങ്ങൾക്കുമുമ്പ് ശിവദാസൻ ഈ പദ്ധതിക്ക് തുടക്കമിട്ടത്.


സ്നേഹമുള്ള അമ്മയ്ക്ക് ഒരു ഓണക്കോടി പദ്ധതിയുടെ ഈ വർഷത്തെ വിതരണോദ്ഘാടനം പിടാവനൂരിൽ നന്നംമുക്ക് ഗ്രാമപഞ്ചായത്ത് അംഗം സുമേഷ് നിർവഹിച്ചു.


 പ്രദേശത്തെ സന്നദ്ധ പ്രവർത്തകരായ കോട്ടപ്പാട്ട് ദിനേശ് കുമാർ, ബിന്ദു, ശശി തുടങ്ങിയവർ വിവിധ വീടുകളിലെത്തി ഓണക്കോടിയും ഓണക്കിറ്റും കൈമാറി.


തലച്ചുമടിന്റെ ഭാരത്തിനിടയിലും കരുതലിനായി ഒരു പങ്ക് മാറ്റിവെച്ച ശിവദാസന്റെ ഈ സ്നേഹസ്പർശം, ഓണത്തിന്റെ യഥാർഥ സന്ദേശമായ പങ്കുവെക്കലിനും സഹജീവിസ്നേഹത്തിനും വേറിട്ടൊരു മാതൃകയായി.

 

Post a Comment

Previous Post Next Post