കുഞ്ഞുമനസ്സിലെ ഡയറിക്കുറിപ്പുകൾ പുസ്തകമായി ഇട്ടോണം എ എൽ പി സ്‌കൂളിലെ രണ്ടാം ക്ലാസുകാരി ആത്മീക വ്യത്യസ്തയാകുന്നു;അനുമോദന സദസ് ആഗസ്റ്റ് 17 തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന്


 റിപ്പോർട്ട് ✍️എ.സി ഗീവർ ചാലിശ്ശരി

കുഞ്ഞുമനസ്സിൽ വിരിഞ്ഞ ചിന്തകളും കണ്ടറിഞ്ഞ കാഴ്ചകളും അനുഭവങ്ങളും അക്ഷരങ്ങളാക്കി, അവയിൽനിന്ന് തിരഞ്ഞെടുത്ത കുറിപ്പുകൾ പുസ്തകമാക്കി രണ്ടാം ക്ലാസ് വിദ്യാർഥിനി ആത്മീക ശ്രദ്ധേയയാകുന്നു. 

കറകപുത്തൂർ ഇട്ടോണം എ.എൽ.പി. സ്കൂളിലെ വിദ്യാർഥിനിയായ ആത്മീക ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ ഡയറിക്കുറിപ്പുകളാണ് ഇപ്പോൾ ആത്മീകയുടെ ഡയറിക്കുറിപ്പുകൾഎന്ന പേരിൽ പുസ്തകരൂപത്തിൽ പുറത്തിറങ്ങുന്നത്.

2025–26 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആത്മീക ഓരോ ദിവസത്തെയും ചെറിയ അനുഭവങ്ങളും നിരീക്ഷണങ്ങളും കുഞ്ഞുമനസ്സിൽ തോന്നിയ ചിന്തകളുമെല്ലാം ഡയറിക്കുറിപ്പുകളായി എഴുതിത്തുടങ്ങിയത്.

 ആകെ 174 പേജുകളിലായി എഴുതിയ കുറിപ്പുകളിൽനിന്ന് തിരഞ്ഞെടുത്ത അനുഭവക്കുറിപ്പുകളാണ് 62 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

തൃശ്ശൂരിലെ ബുക്കർ ബുക്ക് മീഡിയ എന്ന സ്വകാര്യ പ്രസാധകരാണ് പുസ്തകം പുറത്തിറക്കുന്നത്.

കുഞ്ഞുമനസ്സിന്റെ കൗതുകവും ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ശീലവും ലളിതമായ ഭാഷയിൽ പകർത്തിയതാണ് ആത്മീകയുടെ കുറിപ്പുകളുടെ പ്രത്യേകത.

 കുട്ടിക്കാലത്തിന്റെ നിഷ്കളങ്കമായ കാഴ്ചപ്പാടുകളിലൂടെ ജീവിതത്തിലെ ചെറിയ സംഭവങ്ങൾ പോലും അക്ഷരങ്ങളായി മാറുമ്പോൾ, ആത്മീകയുടെ ഡയറിക്കുറിപ്പുകൾ ഒരു പുസ്തകത്തിനപ്പുറം ഒരു കുഞ്ഞുമനസ്സിന്റെ കാലത്തിന്റെ രേഖ കൂടിയാകുന്നു.

ആത്മീകയുടെ എഴുത്തുയാത്രയ്ക്ക് സ്കൂൾ അധികൃതരും അധ്യാപകരും മികച്ച പ്രോത്സാഹനമാണ് നൽകിയത്.

 പ്രധാനാധ്യാപകനും സഹാധ്യാപകരും ഒന്നാം ക്ലാസ് അധ്യാപിക വൃദ്ധ, രണ്ടാം ക്ലാസ് അധ്യാപിക രാധിക എന്നിവരും രചനാശ്രമങ്ങൾക്ക് പിന്തുണ നൽകി. 

പുസ്തകത്തിൻ്റെ കവർ പേജ് പ്രകാശനം കഴിഞ്ഞ ജൂൺ 22 ന് വിപുലമായി നടത്തി

പുസ്തകത്തെക്കുറിച്ച് ജൂലൈ 26ന് കണിമംഗലം വായനശാലയിൽ വെച്ച് പുസ്തകചർച്ചയും സംഘടിപ്പിച്ചിരുന്നു. 

ഇപ്പോഴും എഴുത്ത് തുടരുന്ന ആത്മീകയ്ക്ക് പുസ്തകപ്രകാശനം പുതിയൊരു അക്ഷരയാത്രയുടെ തുടക്കമാവുകയാണ്.

ഇട്ടോണം എ.എൽ.പി. സ്കൂളിന്റെ ചരിത്രത്തിൽ ഇത്രയും ചെറുപ്രായത്തിൽ സ്വന്തം ഡയറിക്കുറിപ്പുകൾ പുസ്തകരൂപത്തിലാക്കുന്ന ആദ്യ വിദ്യാർഥിയെന്ന പ്രത്യേകതയും ആത്മീക സ്വന്തമാക്കുകയാണ്. 

ഒരു കുഞ്ഞ് എഴുതിയ ഡയറിക്കുറിപ്പുകൾ അവളുടെ മാത്രം ഓർമകളായി ഒതുങ്ങാതെ, പുസ്തകത്തിലൂടെ നാടിന്റെ ഓർമകളിലേക്കും എത്തുകയാണ്.

ആത്മീകയുടെ അക്ഷരങ്ങൾക്ക് കരുത്തായത് കുടുംബത്തിന്റെ സ്നേഹവും പിന്തുണയുമാണ്. മുത്തശ്ശൻ വിജയൻ, മുത്തശ്ശി പാർവ്വതി, വല്യച്ഛൻ, അമ്മായി, മറ്റു ബന്ധുമിത്രാദികൾ , നാട്ടുകാർ , സഹപാഠികൾ എന്നിവർക്കെല്ലാം ഈ നേട്ടം അഭിമാന നിമിഷമാണ്.

 ഇട്ടോണം കൈപ്പട വീട്ടിൽ ദിനേശ്–കാവ്യ ദമ്പതികളുടെ മകളാണ് ആത്മീക. എൽ.കെ.ജി. വിദ്യാർഥിയായ ആത്മജ് സഹോദരനാണ്. പിതാവ് ദിനേശ് ഫർണിച്ചർ കമ്പനിയിൽ ജോലി ചെയ്യുന്നു. മാതാവ് കാവ്യ സ്കൂൾ എം.പി.ടി.എ. വൈസ് പ്രസിഡന്റാണ്.

ആത്മീകയുടെ അക്ഷരയാത്രയ്ക്ക് നാടിന്റെ കൈയടി നൽകാൻ പ്രത്യേക അനുമോദന സദസും സ്കൂളിൽ സംഘടിപ്പിച്ചിട്ടുണ്ട്. 

ഓഗസ്റ്റ് 17ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഇട്ടോണം എ.എൽ.പി.എസ്. സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തൃത്താല എം.എൽ.എ വി.ടി. ബൽറാം പങ്കെടുക്കും. അധ്യാപകരും ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ സംബന്ധിക്കും.

Post a Comment

Previous Post Next Post