പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടപ്പിലാക്കുന്ന വിഷൻ 2030 പദ്ധതിയുടെ ഉദ്ഘാടനം ആഗസ്‌ത് 29 ന് നടക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 29 ന് രാവിലെ 9.30 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. വിദ്യാർത്ഥികളുടെ അക്കാദമിക് മികവ് മൂല്യാധിഷ്‌ഠിത വിദ്യാഭ്യാസം, സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം, അധ്യാപക ശാക്തീകരണം സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് വിഷൻ 2030 ആവിഷ്കരിച്ചിട്ടുള്ളത്. നാല് പതിറ്റാണ്ടിലേറെ നീണ്ട അൻസാർ സ്‌കൂളിൻ്റെ ഈ യാത്ര, ഒരു സ്ഥാപനത്തിന്റെ വളർച്ചയുടെ മാത്രം ചരിത്രമല്ല; അറിവിനോടും മൂല്യങ്ങളോടും സമൂഹത്തോടുമുള്ള പ്രതിബദ്ധതയുടെ ചരിത്രം കൂടിയാണ്. പെരുമ്പിലാവിന്റെ മണ്ണിൽ ഒരു സ്വപ്‌നമായി വിതച്ച അൻസാർ ഇന്ന് അറിവിൻ്റെയും മൂല്യങ്ങളുടെയും മികവിന്റെയും വിശാലമായൊരു ലോകമായി വളർന്നിരിക്കുന്നു. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസവും മാറുകയാണ്. സാങ്കേതികവിദ്യയും കൃത്രിമബുദ്ധിയും ഡിജിറ്റൽ സാധ്യതകളും ലോകത്തിന്റെ പഠനരീതികളെ തന്നെ മാറ്റിമറിക്കുന്ന കാലമാണിത്.ഈ പുതിയ കാലത്ത് വളരുന്ന നമ്മുടെ വിദ്യാർത്ഥികൾക്ക് അക്കാദമിക് അറിവിനൊപ്പം ഡിജിറ്റൽ നൈപുണ്യം, സർഗാത്മകത, വിമർശനാത്മക ചിന്ത, ആശയവിനിമയശേഷി, നേതൃത്വഗുണം, സഹകരണ മനോഭാവം, ആഗോള അവബോധം തുടങ്ങിയ കഴിവുകളും അനിവാര്യമാണ്.അതുകൊണ്ടുതന്നെ, മാറുന്ന ലോകത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ സംവിധാനങ്ങളും നിരന്തരം നവീകരിക്കപ്പെടണം. രക്ഷിതാക്കൾ ഇന്ന് പ്രതീക്ഷിക്കുന്നത് മികച്ച അക്കാദമിക് ഫലങ്ങൾ മാത്രമല്ല. കൂടുതൽ സുതാര്യവും കാര്യക്ഷമവുംപ്രതികരണശേഷിയുള്ളതും പ്രൊഫഷണലുമായ ഒരു വിദ്യാഭ്യാസാനുഭവമാണ് ആഗ്രഹിക്കുന്നത്.
അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുക എന്നത് ഉത്തരവാദിത്തം മാത്രമല്ല, പ്രതിബദ്ധത കൂടിയാണെന്ന് സ്‌ൾ ഡയറക്ടർ ഡോ നജീബ് മുഹമ്മദ്, പ്രിൻസിപ്പൽ സാങിത റസാക്ക്, ചീഫ് ഓപ്പറേഷൻസ് മാനേജർ പി. എ. ഷഹീദ്, ജൂനിയർ പ്രിൻസിപ്പൽ എം. എം ഷബിത, ജനറൽ കൺവീനർ എം. എ കമറുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


