പട്ടാമ്പി-ചാലിശ്ശേരി റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് പാതയിലെ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും സമരത്തിലേക്ക്. സെപ്റ്റംബർ 7-ന് സൂചനാ പണിമുടക്കും, തുടർന്നും പരിഹാരമുണ്ടായില്ലെങ്കിൽ സെപ്റ്റംബർ 14 മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ ബസ്സുടമകളുടെയും തൊഴിലാളികളുടെയും സംയുക്ത സമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന് നോട്ടീസ് നൽകി.
പട്ടാമ്പി മുതൽ ചാലിശ്ശേരി വരെയുള്ള 14 കിലോമീറ്റർ ഭാഗം പൂർണമായി തകർന്ന നിലയിലാണ്. മഴ കനത്തതോടെ റോഡിലെ വൻ കുഴികൾ യാത്ര ദുരിതപൂർണ്ണമാക്കുന്നു.
കൂറ്റനാട് മുതൽ കൂട്ടുപാത വരെയുള്ള ഭാഗത്താണ് തകർച്ച രൂക്ഷം. ചാലിശ്ശേരി-കൂറ്റനാട് ഭാഗത്തെ നവീകരണം വേഗത്തിലാക്കണമെന്നും, നവീകരണം പൂർത്തിയാകുന്നതുവരെ കാത്തുനിൽക്കാതെ റോഡിലെ കുഴികൾ അടിയന്തരമായി മൂടണമെന്നുമാണ് പ്രധാന ആവശ്യം.
തകർന്ന റോഡ് കാരണം ബസ്സുകൾക്ക് വലിയ സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാകുന്നു. റോഡിലെ കുഴികൾ നിത്യേനയെന്നോണം അപകടങ്ങൾക്കും വഴിവെക്കുന്നുണ്ട്.
റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ സിദ്ദീഖ്, റഷീദ്, എ.കെ.ബി.പി.എം. ജില്ലാ സെക്രട്ടറി പി. രാജേഷ്, എ.പി.ബി.ഒ.എ. താലൂക്ക് പ്രസിഡന്റ് യു.കെ. മുഹമ്മദ് എന്നിവർ ആവശ്യപ്പെട്ടു.


