മതിലകം പുതിയകാവിൽ എസ് ആർ ഗോൾഡ്' എന്ന പേരിൽ ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. പാപ്പിനിവട്ടം ചിറ്റൂർക്കാട്ടിൽ വീട്ടിൽ സുധീർ (45), ഭാര്യ സുബൈദ (44) എന്നിവരെയാണ് പൊന്നാനിയിൽ നിന്ന് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് കോടി രൂപ നിക്ഷേപിച്ചാൽ ജ്വല്ലറിയിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ പാലക്കാട് കുഴൽമന്ദം സ്വദേശിയിൽ നിന്ന് പണം തട്ടിയത്. 2025 ജൂൺ മാസത്തിന് ശേഷം പല തവണകളായി പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ടിലേക്ക് 56 ലക്ഷം രൂപ ഓൺലൈൻ വഴി ട്രാൻസ്ഫർ ചെയ്യിക്കുകയും, 31 ലക്ഷം രൂപ നേരിട്ട് പണമായി വാങ്ങുകയുമായിരുന്നു.
പരാതിക്കാരൻ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മതിലകം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
മതിലകം പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. രജീഷ് എസ്., എസ്.ഐ. നെസിയ എം. സാഹിബ്, ജി.എസ്.സി.പി.ഒ.മാരായ പ്രബിൻ, ഷനിൽ, ഷിജീഷ്, സി.പി.ഒ. ദിവ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


