വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെയും കുടുംബത്തെയും തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കാറിന് കേടുപാടുകൾ വരുത്തുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം നെടിയിരിപ്പിൽ വീട്ടിൽ ശ്രീഹരി ചന്ദ് (26), വലപ്പാട് കഴിമ്പ്രം വലിയകത്ത് വീട്ടിൽ അനന്തകൃഷ്ണൻ (28) എന്നിവരാണ് വലപ്പാട് പോലീസിന്റെ പിടിയിലായത്. തുടർനടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പരാതിക്കാരിയായ ആബിദയുടെ മകൻ തൻസിൽ ഓടിച്ചിരുന്ന കാർ മഴ കാരണം വേഗത കുറച്ചോടിച്ചതിന്റെ വൈരാഗ്യത്താലാണ് ആക്രമണം ഉണ്ടായത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുന്നിൽ മോട്ടോർ സൈക്കിൾ വട്ടം വെച്ച് തടഞ്ഞുനിർത്തിയാണ് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. 2026 ആഗസ്റ്റ് 26-ാം തീയതി വൈകീട്ട് 7:45-ഓടെ കഴിമ്പ്രം സ്കൂളിന് കിഴക്കുവശത്തുള്ള റോഡിൽ വെച്ചായിരുന്നു സംഭവം. വെങ്കിടങ്ങ് ഇടക്കാട്ടുതറ വീട്ടിൽ ആബിദയും (46) കുടുംബവുമാണ് ആക്രമണത്തിനിരയായത്. പ്രതികൾ കാറിലുണ്ടായിരുന്ന ആബിദയെയും രണ്ട് മക്കളെയും മരുമകളെയും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയെയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, കൈകൊണ്ട് അടിച്ച് കാറിന് 20,000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതികളിൽ ഒരാളായ അനന്തകൃഷ്ണൻ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലെ പ്രതികൂടിയാണെന്ന് പോലീസ് വ്യക്തമാക്കി. വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, സോഷി, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


