വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മുൻവിരോധം മൂലം യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിക്കുകയും വാളുകൊണ്ടും കത്രികകൊണ്ടും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം തമ്പാൻകടവ് കോറോട്ട് വീട്ടിൽ നവനീത് (18), കുന്നംകുളം അർത്താറ്റ് വൈശ്യം വീട്ടിൽ മൻസിഫ് (28), കുന്നംകുളം അർത്താറ്റ് വൈശ്യം വീട്ടിൽ ഫായിസ് (19) എന്നിവരാണ് പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
2026 ആഗസ്റ്റ് 27-ാം തീയതി രാത്രി 11 മണിയോടെ തളിക്കുളം എരണേഴത്ത് അമ്പലത്തിന് സമീപം വെച്ചാണ് സംഭവം നടന്നത്. തളിക്കുളം പുനരധിവാസ ഉന്നതി കരീപറമ്പിൽ വീട്ടിൽ ആദർശ് (18) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഒരു വർഷം മുൻപ് ആദർശും പരിസരവാസികളും ചേർന്ന് പ്രതിയായ നവനീത് ഒരു വീട്ടിലേക്ക് മതിൽ ചാടി വന്നത് ചോദ്യം ചെയ്തിരുന്നു. ഈ മുൻവിരോധം കാരണം പരാതിക്കാരനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ, ആദർശ് തളിക്കുളം പുനരധിവാസ ഉന്നതിയിലേക്ക് നടന്നുപോകുന്ന വഴിയിൽ വെച്ച് പ്രതികൾ വാളും കത്രികയും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
അറസ്റ്റിലായ പ്രതികൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്. കുന്നംകുളം പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിൽ പേരുള്ള മൻസിഫ്, കുന്നംകുളം-ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസ്, രണ്ട് വധശ്രമക്കേസുകൾ, ഒരു മോഷണക്കേസ്, നാല് അടിപിടിക്കേസുകൾ, കാപ്പ നിയമപ്രകാരമുള്ള കേസ്, മയക്കുമരുന്ന് ഉപയോഗിച്ച കേസ്, ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ് എന്നിവയുൾപ്പെടെ പതിനൊന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഫായിസ് ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് ഉപയോഗിച്ച കേസിലും ഒരു അടിപിടിക്കേസിലും പ്രതിയാണ്. നവനീത് വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസ്, രണ്ട് അടിപിടിക്കേസുകൾ, മനുഷ്യജീവന് അപകടം വരത്തക്കവിധം വാഹനമോടിച്ച കേസ് എന്നിവയുൾപ്പെടെ നാല് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ മൗഷമി, അമൽരാജ്, ഉണ്ണി, സാബു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റഷീദ്, സോഷി, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.


