ചങ്ങരംകുളം ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷം; അടിയന്തര നടപടി വേണമെന്ന് ബി.ജെ.പി


 ചങ്ങരംകുളം: ചങ്ങരംകുളം ടൗണിൽ ദിനംപ്രതി രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ പോലീസും പഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെടണമെന്ന് ബി.ജെ.പി. നന്നംമുക്ക്, ആലങ്കോട് പഞ്ചായത്ത് കമ്മിറ്റികൾ ആവശ്യപ്പെട്ടു.


ഓണാഘോഷം അടുത്തെത്തിയതോടെ സാധനങ്ങൾ വാങ്ങുന്നതിനായി ദിവസേന ആയിരക്കണക്കിന് ആളുകളാണ് ചങ്ങരംകുളം ടൗണിലെത്തുന്നത്. ഇതോടെ രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ സമയങ്ങളിലും സ്കൂൾ സമയങ്ങളിലും മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കുന്ന സാഹചര്യമാണുള്ളത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അടിയന്തര വാഹനങ്ങൾക്ക് പോലും സമയബന്ധിതമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് ബി.ജെ.പി. നേതാക്കൾ ചൂണ്ടിക്കാട്ടി.


ഓണം സീസൺ കണക്കിലെടുത്ത് ടൗണിൽ കൂടുതൽ ട്രാഫിക് പോലീസിനെയും ഹോം ഗാർഡുമാരെയും അടിയന്തരമായി നിയോഗിക്കണം. സ്കൂൾ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിന് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും റോഡിലെ അനധികൃത പാർക്കിങ്ങും പാതയോര കയ്യേറ്റങ്ങളും ഉടൻ ഒഴിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.


ഗതാഗത പരിഷ്കരണ നടപടികൾ നടപ്പാക്കാൻ അധികൃതർ തയ്യാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ബി.ജെ.പി. നേതാക്കൾ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post