ചാലിശ്ശേരിയിൽ നേഴ്സിന് പാമ്പ് കടിയേറ്റ സംഭവം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി


ചാലിശ്ശേരി പെരുമണ്ണൂർ വട്ടത്താണി സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റ സംഭവത്തിൽ ചാലിശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ ആരോപിച്ച് ഡി.വൈ.എഫ്.ഐ ചാലിശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ച് സി.പി.ഐ.എം തൃത്താല ഏരിയ കമ്മിറ്റി അംഗം ടി.എം. കുഞ്ഞുകുട്ടൻ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ചാലിശ്ശേരി മേഖല പ്രസിഡന്റ് കെ.സി. നിമേഷ് അധ്യക്ഷത വഹിച്ചു.തൃത്താല ബ്ലോക്ക് സെക്രട്ടറി കെ.എ. പ്രയാൺ, ചാലിശ്ശേരി ടൗൺ മേഖല സെക്രട്ടറി ടി.കെ. സുധീഷ് കുമാർ, ടൗൺ മേഖല പ്രസിഡന്റ് പി.പി. പ്രവീൺ എന്നിവർ സംസാരിച്ചു.കഴിഞ്ഞാഴ്ച രാവിലെ പെരുമണ്ണൂർ എസ്റ്റേറ്റ്പടിയിലെ സർക്കാർ ജനകീയ ആരോഗ്യകേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെയാണ് കഴിഞ്ഞ രണ്ടര വർഷമായി സേവനമനുഷ്ഠിച്ച് വന്നിരുന്ന 26 വയസ്സുള്ള നേഴ്‌സ് ചാവക്കാട് സ്വദേശി മിസിരിയയ്ക്ക് ആശുപത്രി കെട്ടിടത്തിന്റെ പിൻവശത്ത് വെച്ച് അണലിയുടെ കടിയേറ്റത്.തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പിന്നിട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു.ആശുപത്രി പരിസരത്ത് ആഴ്ചകൾക്ക് മുമ്പ് വെട്ടിയിട്ട മരങ്ങൾ നീക്കം ചെയ്യാതിരുന്നതും കാടും കുറ്റിച്ചെടികളും വളർന്നതുമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചു.പെരുമണ്ണൂർ, കൂറ്റനാട് വലിയപള്ളി, എസ്റ്റേറ്റ്പടി, ചൗച്ചേരി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിന് രോഗികൾ ചികിത്സ തേടിയെത്തുന്ന ആരോഗ്യകേന്ദ്രത്തിൽ ജീവനക്കാരുടെയും രോഗികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ അധികൃതർ ഗുരുതര വീഴ്ച വരുത്തിയെന്നാണ് ഡി.വൈ.എഫ്.ഐ ആരോപണം.

ആശുപത്രി പരിസരം അടിയന്തരമായി ശുചീകരിച്ച് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post