ചങ്ങരംകുളം:ചങ്ങരംകുളം ലയൺസ് ക്ലബ്ബിന് സ്വന്തമായി സേവനകേന്ദ്രം ഒരുക്കാനുള്ള പദ്ധതിക്ക് തുടക്കം. ഓഫീസ് സമുച്ചയം, ബാങ്ക്വറ്റ് ഹാൾ, ഷോപ്പ് മുറികൾ, പകൽവീട് എന്നിവ ഉൾപ്പെടുന്ന ബഹുമുഖ സേവനകേന്ദ്രത്തിനായി ഭൂമി വാങ്ങാനുള്ള പ്രമേയം ജനറൽബോഡി യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. പദ്ധതിയുടെ ആദ്യ ഷെയർ വിഹിതം ലൈയൺ കേശവദാസ് ഡിസ്ട്രിക്ട് ഗവർണർ PMJF ലയൺ ബാബു ദിവാകരന് കൈമാറി.
ഹോട്ടൽ ജാസ് കോണ്ടിനെന്റലിൽ നടന്ന ജനറൽബോഡി യോഗത്തോടനുബന്ധിച്ച് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു. സ്ഥാപിതമായി ഏഴ് മാസം പിന്നിടുമ്പോൾ 92 അംഗങ്ങളുമായി ക്ലബ് സേവനരംഗത്ത് സജീവമാണെന്ന് ഡിസ്ട്രിക്ട് ഗവർണർ ബാബു ദിവാകരൻ പറഞ്ഞു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സുതാര്യവും ചിട്ടയോടെയുമാണെന്നും അദ്ദേഹം അഭിനന്ദിച്ചു.
18 വയസ്സിന് താഴെയുള്ള വിദ്യാർഥികളെ ഉൾപ്പെടുത്തി പുതിയ ലിയോ ക്ലബ്ബിനും തുടക്കമായി. റിഫാ റഫീഖ് പ്രസിഡന്റ്, അമേയ സെക്രട്ടറി, അഭിരാം കൃഷ്ണ ട്രഷറർ എന്നിവരായി തിരഞ്ഞെടുക്കപ്പെട്ടു. ഡിസ്ട്രിക്ട് ഗവർണർ ഇൻഡക്ഷൻ നിർവഹിച്ചു.
പകൽവീട്, പ്രമേഹരോഗികൾക്കുള്ള കൗൺസലിങ് സെന്റർ, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം, ലഹരിവിരുദ്ധ ബോധവത്കരണം, ഡിജിറ്റൽ-സാമൂഹിക മാധ്യമങ്ങളുടെ സുരക്ഷിത ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസുകൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് ചികിത്സാ സഹായം തുടങ്ങിയ പദ്ധതികൾ നടപ്പാക്കാനും തീരുമാനിച്ചു.
ഓഗസ്റ്റ് 12-ന് നടക്കുന്ന അന്താരാഷ്ട്ര യുവജനദിനാചരണത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത് വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് നടത്തുന്ന യൂത്ത് എംപവർമെന്റ് ടർഫ് ഫുട്ബോൾ ടൂർണമെന്റിന്റെ പോസ്റ്റർ ഡിസ്ട്രിക്ട് ഗവർണർ പ്രകാശനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ലൈയൺ ചന്ദ്രാനന്ദൻ സി. അധ്യക്ഷത വഹിച്ചു. ലൈയൺ ദിലീപ് ചങ്ങരംകുളം സ്വാഗതം പറഞ്ഞു. ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ അഡ്വ. കെ.പി.എ. റഹ്മാനും സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. കൊച്ചു എസ്. മണിയും ക്ലാസുകൾ നയിച്ചു. സെക്രട്ടറി ജനാർദ്ദനൻ പി.വി. പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉമ്മർ കുളങ്ങര വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു.


