കുന്നംകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

കുന്നംകുളം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കുന്നംകുളത്തെ പന്നിവളർത്തൽ കേന്ദ്രത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പന്നികളിൽ മാത്രമാണ് രോഗം ബാധിക്കുന്നതെന്നും മനുഷ്യരിലേക്കോ മറ്റ് വളർത്തുമൃഗങ്ങളിലേക്കോ പകരില്ലെന്നും അധികൃതർ അറിയിച്ചു.

കുന്നംകുളത്തെ പന്നിവളർത്തൽ കേന്ദ്രത്തിലെ പന്നികളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിൽ പരിശോധിച്ചതിനെ തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്.

മനുഷ്യരിലേക്ക് രോഗം പകരില്ലാത്തതിനാൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഐസക് സാം അറിയിച്ചു.

രോഗം മറ്റ് ഫാമുകളിലേക്ക് പടരുന്നത് തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായി കുന്നംകുളത്തെ ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.

രോഗബാധിത പ്രദേശങ്ങളിൽനിന്ന് മറ്റ് ജില്ലകളിലേക്ക് പന്നികളെ കൊണ്ടുപോകുന്നത് നിയന്ത്രിക്കുന്നതിനും, അവിടെനിന്നുള്ള പന്നിയിറച്ചിയുടെ വിതരണം നിയന്ത്രിക്കുന്നതിനും, ഇറച്ചിക്കടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.

Post a Comment

Previous Post Next Post