'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വീണ്ടും സജീവമാക്കി ബി.ജെ.പി: നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താൻ നീക്കം


 ന്യൂഡല്‍ഹി: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'  പദ്ധതി വീണ്ടും രാജ്യത്ത് വലിയ ചർച്ചയാക്കാൻ ബി.ജെ.പി ദേശീയ നേതൃത്വം നീക്കങ്ങള്‍ ശക്തമാക്കുന്നു.


വരുന്ന പാർലമെന്റ് ശീതകാല സമ്മേളനത്തില്‍ ഇതിനായുള്ള ഭരണഘടനാ ഭേദഗതി ബില്‍ പാസാക്കിയെടുക്കുന്നത് അജണ്ടയാക്കാനാണ് കേന്ദ്ര സർക്കാറിന്റെ ആലോചന. ബില്‍ സഭയില്‍ പാസായില്ലെങ്കില്‍ പോലും എല്‍.ഡി.എ/എൻ.ഡി.എ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഒരുമിച്ച്‌ നടത്താനുള്ള നീക്കവും സജീവമാണ്.


2029-ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ഒരുമിച്ച്‌ നടത്തുന്നതിനെക്കുറിച്ചാണ് പാർട്ടിക്കുള്ളില്‍ ഗൗരവമായ ചർച്ചകള്‍ പുരോഗമിക്കുന്നത്. ഇതിലൂടെ രാജ്യത്തുടനീളം ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ കണക്കുകൂട്ടല്‍.


വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഉത്തർപ്രദേശ് അടക്കമുള്ള പ്രമുഖ സംസ്ഥാനങ്ങളില്‍ ബി.ജെ.പി അധികാരത്തില്‍ തിരിച്ചെത്തിയാല്‍, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ 2029-ല്‍ അവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും പാർട്ടി ആലോചിക്കുന്നുണ്ട്. ഇതിലൂടെ ദേശീയ തലത്തില്‍ സമാന്തരമായി ജനവിധി തേടാൻ സാധിക്കും.പ്രതിപക്ഷ പാർട്ടികളുടെ കടുത്ത എതിർപ്പ് മറികടന്ന് ശീതകാല സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കിയെടുക്കാൻ സർക്കാർ ശ്രമിക്കുമെന്നാണ് സൂചനകള്‍. വിഷയത്തില്‍ പ്രതിപക്ഷ പാർട്ടികളുടെ നിലപാട് നിർണ്ണായകമാകുമെങ്കിലും നിലവില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുള്ളത്.


ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ചിത്രത്തിലും വലിയ മാറ്റങ്ങളുണ്ടാകും. 2026-ല്‍ തെരഞ്ഞെടുപ്പ് പൂർത്തിയായ കേരളത്തില്‍ 2029-ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം വീണ്ടും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തേണ്ട സാഹചര്യം സംജാതമാകും.


നിയമസഭാ ഭരണസമിതികളുടെ കാലാവധി വെട്ടിച്ചുരുക്കിയും ചിലയിടങ്ങളില്‍ നീട്ടിനല്‍കിയും മാത്രമേ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2029-ലേക്ക് കേന്ദ്രീകരിക്കാൻ സാധിക്കൂ. ഇതാണ് പ്രതിപക്ഷ പാർട്ടികള്‍ പ്രധാനമായും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി എതിർക്കുന്നത്.പാർലമെന്റില്‍ ബില്‍ പാസാക്കാൻ സാധിച്ചില്ലെങ്കില്‍ പോലും, എൻ.ഡി.എ സഖ്യം ഭരിക്കുന്ന പരമാവധി സംസ്ഥാനങ്ങളില്‍ നിയമസഭകള്‍ നേരത്തെ പിരിച്ചുവിട്ട് 2029-ല്‍ ലോക്സഭയ്ക്കൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പി രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടേക്കും.


പദ്ധതി നടപ്പിലാക്കുന്നതിലൂടെ തെരഞ്ഞെടുപ്പ് ചെലവുകളില്‍ വലിയ കുറവുണ്ടാക്കാമെന്നും ഇടയ്ക്കിടെയുള്ള പെരുമാറ്റച്ചട്ടം കാരണം വികസന പ്രവർത്തനങ്ങള്‍ സ്തംഭിക്കുന്നത് ഒഴിവാക്കാമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. എന്നാല്‍ സംസ്ഥാനങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നാണ് വിമർശനം.


കേന്ദ്ര നീക്കത്തിനെതിരെ ബി.ജെ.പി ഇതര സംസ്ഥാന സർക്കാരുകളും പ്രാദേശിക പാർട്ടികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങാനാണ് സാധ്യത. വരും ദിവസങ്ങളില്‍ വിഷയം ദേശീയ രാഷ്ട്രീയത്തില്‍ വലിയ തർക്കങ്ങള്‍ക്കും ഭരണഘടനാപരമായ സംവാദങ്ങള്‍ക്കും വഴിതുറക്കും.


ശീതകാല സമ്മേളനത്തിന് മുന്നോടിയായി എൻ.ഡി.എ ഘടകകക്ഷികളുമായും ഉന്നതതല ചർച്ചകള്‍ നടത്താൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാല്‍ അത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റമായി മാറും.

Post a Comment

Previous Post Next Post