മനുഷ്യരെല്ലാവരും ഒന്നാണെന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഓണവും, ഭൂമിയിലുള്ളവരോട് കരുണ കാണിക്കുന്നവർക്ക് ആകാശത്തിലുള്ളവരുടെ കരുണ ലഭിക്കുമെന്ന മുഹമ്മദ് നബിയുടെ അധ്യാപനവും മാനവിക ഐക്യത്തിന്റെ ഉദാത്ത സന്ദേശങ്ങളാണെന്ന് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി പറഞ്ഞു. മതങ്ങളും ആഘോഷങ്ങളും മുന്നോട്ടുവയ്ക്കുന്ന സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശങ്ങൾ കൂടുതൽ പ്രചരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാറഞ്ചേരി മുക്കാല തണൽ ഓഡിറ്റോറിയത്തിൽ ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകവും തണൽ വെൽഫെയർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച “ഓണം–മിലാദ് സൗഹൃദ സംഗമം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്‌ലാമി മുക്കാല ഘടകം പ്രസിഡന്റ് എ. മുഹമ്മദ് മുബാറക് അധ്യക്ഷത വഹിച്ചു. പൊന്നാനി ശാലേം മാർത്തോമ ചർച്ച് വികാരി റവ. രാജു പീറ്റർ, സാംസ്കാരിക സാഹിതി മലപ്പുറം ജില്ലാ ട്രഷറർ അടാട്ട് വാസുദേവൻ, ചാവക്കാട് മുതുവട്ടൂർ ജുമാ മസ്ജിദ് ഖത്തീബ് സുലൈമാൻ അസ്ഹരി എന്നിവർ സംസാരിച്ചു.
തണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫ് സ്വാഗതവും പ്രസിഡന്റ് ടി.പി. നാസർ നന്ദിയും പറഞ്ഞു. തണലിന്റെ അയൽക്കൂട്ടം കുടുംബാംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.
പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് ആരിഫ ബഷീർ, ഹൈറുന്നിസ, റസീന മുത്തു, നിഷിദ, ഷാഹിദ, ഫാത്തിമ, റംഷിയ, റഷീദ, ജാബിറ, സുബൈദ ടീച്ചർ എന്നിവർ നേതൃത്വം നൽകി. റമീന ഫാരിഷ് സംഗമത്തിന്റെ കോർഡിനേറ്ററായി പ്രവർത്തിച്ചു.


