തൃശൂർ:'പുലിക്കൊട്ടും പനംതേങ്ങേം' മുഴങ്ങുന്ന അസുരവാദ്യത്തിന്റെ താളവിസ്മയത്തിൽ ആറാടാൻ സാംസ്കാരിക നഗരി സജ്ജമായി. നാലോണ നാളിൽ തൃശൂർ സ്വരാജ് റൗണ്ടിനെ ആവേശത്തിലാഴ്ത്തി വിശ്വപ്രസിദ്ധമായ തൃശൂർ പുലിക്കളി അരങ്ങേറും. പുലിമടകളിലെ അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കി ഒമ്പത് ദേശങ്ങളാണ് ഇത്തവണ ശക്തന്റെ തട്ടകത്തിൽ ചുവടുവെക്കാനെത്തുന്നത്.വൈകിട്ട് നാലിന് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ പുലിക്കളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നടക്കും. പെൺപുലികളും കുട്ടിപ്പുലികളും ഉൾപ്പെടെ ഓരോ സംഘത്തിലും മുപ്പത്തഞ്ചോളം പുലികൾ അണിനിരക്കും.അയ്യന്തോൾ, കുട്ടൻകുളങ്ങര, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര, പാട്ടുരായ്ക്കൽ, ഒളരിക്കര എന്നീ ഒമ്പത് ദേശങ്ങളാണ് ഇത്തവണ നഗരത്തിൽ ചുവടുവെക്കുന്നത്.
കുട്ടൻകുളങ്ങര ദേശമാണ് ആദ്യം നഗരത്തിലേക്ക് പ്രവേശിക്കുക. എം.ജി റോഡ് വഴി ആറ് സംഘങ്ങളും ഷൊർണൂർ റോഡ് വഴി ഒരു സംഘവും വടക്കേ സ്റ്റാൻഡ് വഴി രണ്ട് സംഘങ്ങളുമാണ് സ്വരാജ് റൗണ്ടിലേക്കും തേക്കിൻകാട് മൈതാനത്തേക്കും എത്തിച്ചേരുക. നടുവിലാൽ, ബിനി, പാറമേക്കാവ് എന്നിവിടങ്ങളിലാണ് വിധികർത്താക്കൾ സ്ഥാനമുറപ്പിക്കുക. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്കായി പ്രത്യേക പവലിയനുകളും നഗരത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.


