പ്രളയക്കെടുതി രൂക്ഷമായ നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്സ്. 53 പേരെക്കുറിച്ചാണ് നിലവിൽ വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. ഇവരുമായി നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവരും സുരക്ഷിതരാണെന്നാണ് കരുതുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ അറിയിച്ചു.
നേപ്പാളിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്നില്ല ഇവരുടെ അവസാനമായി അറിയപ്പെട്ടിരുന്ന സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ബന്ധുക്കളുമായി വീണ്ടും ബന്ധപ്പെട്ട് ഇവർ അവസാനമായി വിളിച്ച സമയം, യാത്ര ചെയ്തിരുന്ന സ്ഥലങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
അതേസമയം, കാസർകോട് കാഞ്ഞങ്ങാട് നിന്ന് നേപ്പാളിലേക്ക് പോയ 36 അംഗ സംഘം സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് സംഘം ചിത്വാൻ ജില്ലയിലെ ഒരു ഹോട്ടലിൽ തിരിച്ചെത്തിയതായും റിപ്പോർട്ടുണ്ട്. ഇവരുമായി നോർക്ക അധികൃതർ നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനായി ഇന്ത്യൻ എംബസിയുമായും മറ്റ് ബന്ധപ്പെട്ട അധികൃതരുമായും കേരള സർക്കാർ ഏകോപനം തുടരുകയാണ്
നിലവിൽ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ 53 പേരിൽ ആരെങ്കിലും മരിച്ചതായോ ഗുരുതരമായി അപകടത്തിലായതായോ വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ആശയവിനിമയം പുനഃസ്ഥാപിച്ച് ഓരോരുത്തരുടെയും കൃത്യമായ സ്ഥാനം കണ്ടെത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് അധികൃതരുടെ അടുത്ത ലക്ഷ്യം.


