പെരുമുക്ക് മഹല്ല് ദർസ് ഫെസ്റ്റ് 'സ്പാർക്ക് - 2026' സമാപിച്ചു.


 ചങ്ങരംകുളം :മൂന്ന് ദിവസം നീണ്ടുനിന്ന പെരുമുക്ക് മഹല്ല് മമ്പഉൽ ഹുദാ ദർസ് വിദ്യാർത്ഥികളുടെ കലാ-സാഹിത്യ സാംസ്കാരിക മത്സരമായ 'സ്പാർക്ക് - 2026' പ്രൗഢമായ സമ്മേളനത്തോടെ സമാപിച്ചു. ഡെൽറ്റ, ബീറ്റ, സീറ്റ എന്നീ മൂന്ന് ഗ്രൂപ്പുകളിലായി 42 ഇനങ്ങളിലാണ് വിദ്യാർത്ഥികൾ മാറ്റുരച്ചത്.


മത്സരങ്ങളിൽ 382 പോയിന്റ് നേടി ബീറ്റാ ഗ്രൂപ്പ് ചാമ്പ്യന്മാരായി. 375 പോയിന്റോടെ ഡെൽറ്റ രണ്ടാം സ്ഥാനവും 312 പോയിന്റോടെ സീറ്റ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള ഉപഹാര സമർപ്പണവും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ അബ്ദുൽ ഗഫൂർ അൻവരി നിർവ്വഹിച്ചു. ഹാഫിള് അഹമ്മദ് യാസീനിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിൽ സഅദ് മുസ്‌ലിയാർ സ്വാഗതം പറഞ്ഞു.


മഹല്ല് സെക്രട്ടറി സി.വി. അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ ഉസ്താദ് ഹാഫിള് അബ്ദു റഹ്‌മാൻ ഫൈസി ആമുഖഭാഷണം നടത്തി. മഹല്ല് ഭാരവാഹികൾ, രക്ഷിതാക്കൾ, ഉസ്താദുമാർ, പ്രദേശവാസികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post