പാലക്കാട് വൻ കഞ്ചാവ് വേട്ട; 53 കിലോ കഞ്ചാവുമായി ആറ് ഒഡീഷ സ്വദേശികൾ പിടിയിൽ


 വൻ കഞ്ചാവ് വേട്ട. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും 53 കിലോ കഞ്ചാവുമായി ആറ് ഒഡീഷ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിൽ നിന്നുമാണ് പ്രതികൾ ഇത്രയധികം കഞ്ചാവ് കേരളത്തിലേക്ക് കടത്തിയത്.


ട്രെയിൻ മാർഗമാണ് ഇവർ കഞ്ചാവ് പാലക്കാട് ഒലവക്കോട് എത്തിച്ചത്. നീല നിറത്തിലുള്ള പല ബാഗുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടെയും പക്കൽ രണ്ടു ബാഗുകൾ വീതം ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി നടന്നു പോകുമ്പോഴാണ് ഇവർ പോലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.


സംശയം തോന്നിയ പോലീസ് സംഘം ഇവരെ തടഞ്ഞു നിർത്തി ബാഗുകൾ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആർക്കുവേണ്ടിയാണ് ഈ കഞ്ചാവ് കൊണ്ടുവന്നത്, എവിടെ നിന്നാണ് ലഭിച്ചത്, ഇവരുടെ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.


സംസ്ഥാനത്ത് ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായുള്ള കർശന നടപടികളുമായി മുന്നോട്ടു പോവുകയാണ് പോലീസും സർക്കാരും. ഇതിന്റെ ഭാഗമായുള്ള പരിശോധനകളിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. ആറുപേരെയും കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മാഫിയയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Post a Comment

Previous Post Next Post