കുന്നംകുളത്തിൻ്റെ കുടിവെള്ളക്ഷാമത്തിന്
ശാശ്വത പരിഹാരം : 19.90 കോടിയുടെ
അമൃത് പദ്ധതി നിർമാണം വേഗത്തിലാക്കും. നഗരസഭയിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നഗരസഭാ അതിർത്തിയിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനായി അമൃത് 2.0 പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 19.90 കോടി രൂപയുടെ കുടിവെള്ള പദ്ധതി പ്രവൃത്തികൾ ദ്രുതഗതിയിലാക്കാൻ തീരുമാനിച്ചു. ടെൻഡർ നടപടികൾ പൂർത്തിയായ പദ്ധതിയിലൂടെ തൃത്താല വെള്ളിയാങ്കല്ലിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം കൂറ്റനാട്ടെ ഒരേക്കർ ഭൂമിയിൽ നിർമിക്കുന്ന പ്ലാൻ്റിലെത്തിച്ച് ശുദ്ധീകരിക്കും. പ്രതിദിനം 15 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് നിർദിഷ്ട പ്ലാന്റ്. കൂറ്റനാട് ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് ശുദ്ധീകരിക്കുന്ന വെള്ളം കുന്നംകുളത്തെ വൈ.എം.സി.എ ടാങ്ക്, തൃശൂർ റോഡിലുള്ള രണ്ട് ടാങ്കുകൾ, കുറുക്കൻപാറയിൽ നിർമാണത്തിലിരിക്കുന്ന 10 ലക്ഷം ലിറ്റർ ശേഷിയുള്ള ടാങ്ക് എന്നിവയിലേക്ക് പമ്പ് ചെയ്യും. അവിടെ നിന്നാണ് നഗരസഭയിലെ വിവിധ വാർഡുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുക. കൂടാതെ, പദ്ധതിയുടെ ഭാഗമായി അടുപ്പൂട്ടിയിൽ ഒരു പുതിയ വാട്ടർ ടാങ്ക് കൂടി നിർമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.പദ്ധതി പൂർത്തിയാകുന്നതോടെ നഗരസഭ നേരിടുന്ന കുടിവെള്ളക്ഷാമത്തിന് പൂർണ പരിഹാരമാകുമെന്ന് ചെയർപേഴ്സൺ സൗമ്യ അനിലൻ പറഞ്ഞു. 2027 മാർച്ച് മാസത്തോടെ പദ്ധതിയുടെ 50 ശതമാനം നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ്, പദ്ധതിയുടെ ചുമതലയുള്ള വാട്ടർ അതോറിറ്റി നാട്ടിക ഡിവിഷൻ അസിസ്റ്റന്റ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ ടി.ജെ. ചാന്ദിനി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നീലിമ, അസിസ്റ്റന്റ് എൻജിനീയർ ഒ.ടി. ലിമി, മുനിസിപ്പൽ സെക്രട്ടറി കെ.കെ. മനോജ്, മുനിസിപ്പൽ എൻജിനീയർ ബിനയ് ബോസ്, അമൃത് പദ്ധതി കോർഡിനേറ്റർ ഷാരോൺ, പദ്ധതി കരാറുകാരായ ഫിൻസ് എൻജിനീയേഴ്സസ് & കോൺട്രാക്ടേഴ്സ് പ്രതിനിധി സുരേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


