കാഞ്ഞങ്ങാട് പ്രശസ്തചിത്രകാരനും ശിൽപിയും പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന ആർട്ടിസ്റ്റ് ഗണപതിയുടെ ഓർമ്മക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ ഗണപത് ഏർപ്പെടുത്തിയ ഗണപത് കലാ പുരസ്കാരം പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമന് സമ്മാനിച്ചു. കേരളീയ ശിൽപകലയ്ക്ക് കാനായി കുഞ്ഞിരാമൻ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 10000രൂപയും ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പാലക്കാട് തൃശൂർ മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിത്രകലാ കൂട്ടായ്മയാണ് ഗണപതി മാസ്റ്റർ സ്ഥാപിച്ച ഗണപത് ക്യാമ്പുകൾ, പ്രദർശനങ്ങൾ, ഡമോൺസ്ട്രേഷൻ ക്ലാസുകൾ എന്നിവ ഈ പ്രദേശങ്ങളിൽ സ്ഥിരമായി നടത്തിവരുന്നു.
ഗണപതി മാസ്റ്ററുടെ മരണശേഷം ശിഷ്യർ സംഘടനയുടെ പേരിൽ എല്ലാ വർഷവും ചിത്ര- ശിൽപ കലാകാരമാർക്ക് പുരസ്‌കാരം നൽകി വരുന്നുണ്ട്. ഗണപതിൻ്റെ നാലാമത്തെ പുരസ്കാരമാണ് കാനായിക്ക് നൽകിയത്.
കാഞ്ഞങ്ങാടിനടുത്ത അതിയാമ്പൂരിലെ കാനായിയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷൻ വിവി രമേശൻ പുരസ്കാരം സമ്മാനിച്ചു. ഗണപത് പ്രസിഡണ്ട് രേവതി വേണു അധ്യക്ഷത വഹിച്ചു.
വേണു പാലൂർ ആമുഖഭാഷണം നടത്തി. പി സുധാകരൻ, ഡോ.കെയു കൃഷ്ണകുമാർ, ആർട്ടിസ്റ്റ് മോഹനചന്ദ്രൻ , കെ. ആർ. സി. തായന്നൂർ, കെ.പി. അനിത കുമാരി, മൊയ്തീൻ കുട്ടി പെരുമണ്ണൂർ, സുധിൽ കുമാർ, ബഷീർ തൃത്താല, സുരേന്ദ്ര കൃഷ്ണൻ എന്നിവർ സംസാരിച്ചു. പല്ലവ നാരായണൻ സ്വാഗതവും ശശി കോതച്ചിറ നന്ദിയും പറഞ്ഞു.


