സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഇന്ന് മുതൽ രണ്ടു ദിവസത്തേക്ക് ആണ് ശക്തമായ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. കൂടാതെ മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. നാളെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിന് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല.
അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കണ്ണൂർ – കാസറഗോഡ് (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും) ജില്ലകളിലെ തീരങ്ങളിൽ 15/09/2026 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.


