കടവല്ലൂർ ശ്രീരാമക്ഷേത്രത്തി ൽ നിറമാല ആഘോഷിച്ചു


 കടവല്ലൂർ ശ്രീരാമക്ഷേത്രത്തിൽ നിറമാല ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോപാനം വനിത പഞ്ചവാദ്യസംഘം അവതരിപ്പിച്ച പഞ്ചവാദ്യം ശ്രദ്ദേയമായി.ക്ഷേത്രത്തിൽ, രാവിലെ വിശേഷാൽ പൂജകളും പ്രഭാതഭക്ഷണവും ഉണ്ടായിരുന്നു. മേൽശാന്തി മഹേന്ദ്രൻ നമ്പൂതിരി കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. വൈകീട്ട് നിറമാല, ദീപാരാധന എന്നിവയ്ക്കു ശേഷമാണ്, 50 പേരടങ്ങുന്ന സോപാനം വനിതാ പഞ്ചവാദ്യ സംഘത്തിന്റെ ഫുൾ സെറ്റ് പഞ്ചവാദ്യം ക്ഷേത്രത്തിൽ അരങ്ങേറിയത്. വാദ്യകലയിൽ പെൺകരുത്തിൻ്റെ പെരുമ വിളിച്ചോതിയ ചരിത്രമാണ് എടപ്പാൾ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിനുള്ളത്. സംസ്ഥാനത്തെ ആദ്യത്തെ പ്രഫഷണൽ വനിത പഞ്ചവാദ്യ സംഘം. 7 വയസ്സു മുതൽ 70 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ട്. കഴിഞ്ഞ വനിതാദിനത്തിനായിരുന്നു അരങ്ങേറ്റം. സോപാനം ഡയറക്ട‌റും ഗുരുവുമായ സന്തോഷ് ആലംങ്കോടാണ് സംഘത്തിനെ ഒരുക്കിയത്. വാദ്യകലയുടെ വിവിധ മേഖലകളിൽ സ്ത്രീ സാന്നിധ്യം ഉണ്ടെങ്കിലും ശാസ്ത്രീയമായി മികവ് പുലർത്തുന്നവർ കുറവാണെന്നു കണ്ടെത്തിയതാണു വഴിത്തിരിവായത്.വനിതാ പഞ്ചവാദ്യം എന്ന ആശയം ഉരുത്തിരിഞ്ഞപ്പോൾ തന്നെ പിന്തുണയുമായി ഒട്ടേറെ പേർ എത്തിയത് സന്തോഷിന് പ്രചോദനമായി. മട്ടന്നൂർ ശങ്കരൻകുട്ടി മരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയ പ്രഗത്ഭർ ഉപദേശകരായി. 2016ൽ ആദ്യ ശ്രമം നടത്തിയെങ്കിലും പൂർണവിജയം കണ്ടിരുന്നില്ല. നിരന്തര പ്രവർത്തനത്തിന്റെ ഫലമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സ്ത്രീകൾ പഠനത്തിന് തയാറായതോടെ സമ്പൂർണ്ണ വനിതാ പഞ്ചവാദ്യ സംഘം എന്ന സന്തോഷിന്റെ സ്വപ്‌നം സഫലമായി. എല്ലാവർക്കും സൗജന്യമായാണ് പരിശീലനം നൽകുന്നത്. ഇപ്പോൾ സംഘത്തിലെ എഴുപതോളം സ്ത്രീകൾക്ക് വരുമാന മാർഗം കൂടിയാണ് ഈ കല.

Post a Comment

Previous Post Next Post