നേപ്പാൾ പ്രളയം: പത്താം നാൾ തുരങ്കത്തിൽ നിന്ന് രണ്ട് തൊഴിലാളികൾക്ക് അത്ഭുത രക്ഷ


 കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയമുണ്ടായി പത്താം നാൾ തുരങ്കത്തിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെ അത്ഭുതകരമായി ജീവനോടെ രക്ഷപ്പെടുത്തി.


ത്രിശൂലി ജലവൈദ്യുതി പദ്ധതിയുടെ തുരങ്കത്തിൽ നിന്നാണ് ഇരുവരെയും രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചത്.


നേപ്പാളിലെ വിവിധ ജലവൈദ്യുതി പദ്ധതികളുടെ തുരങ്കങ്ങളിൽ നിരവധി നിർമാണ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തെ തുടർന്നാണ് രക്ഷാപ്രവർത്തകർ വ്യാപക തെരച്ചിൽ ആരംഭിച്ചത്.തുരങ്കത്തിനുള്ളിൽ ഇനിയും ആളുകൾ ജീവനോടെ ഉണ്ടാകാമെന്ന സാധ്യത കണക്കിലെടുത്ത് തെരച്ചിൽ തുടരുകയാണ്. കൂടുതൽ ആളുകളുടെ ശബ്ദം തുരങ്കത്തിനുള്ളിൽ നിന്ന് കേൾക്കുന്നുവെന്നത് രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.


കഴിഞ്ഞ മാസം 26-നാണ് നേപ്പാളിൽ മിന്നൽ പ്രളയമുണ്ടായത്. അന്ന് 40 തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങിയെന്നാണ് വിവരം. നേപ്പാളിലെ വിവിധ ജലവൈദ്യുതി പദ്ധതികളിലായി 900-ലേറെ തൊഴിലാളികൾ ജോലി ചെയ്തിരുന്നതായും ഇതിൽ 500-ഓളം പേർ തുരങ്കങ്ങളിൽ കുടുങ്ങിയിരിക്കാമെന്നുമാണ് സംശയം.പ്രളയദുരന്തത്തിൽ ഇതുവരെ 1,275 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നേപ്പാളിൽ മാത്രം 5,083 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സർക്കാർ അറിയിച്ചത്. കാണാതായവരിൽ 275 ഇന്ത്യൻ പൗരന്മാരും ഉൾപ്പെടുന്നു.


കാണാതായവരുടെ ബന്ധുക്കളുടെ ഡി.എൻ.എ പ്രൊഫൈലിങ്ങിനായി കേന്ദ്ര, സംസ്ഥാന തല ഫോറൻസിക് ലബോറട്ടറികളുടെ സേവനം ലഭ്യമാക്കുമെന്ന് ഇന്ത്യയും അറിയിച്ചു. ഇന്ത്യയിൽ കഴിയുന്ന ബന്ധുക്കളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനാണ് നടപടി.

Post a Comment

Previous Post Next Post