തിരുവനന്തപുരം: വാട്‌സ്ആപ്പില്‍ സന്ദേശം അയച്ച് പണം തട്ടുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമുള്ളവരുടെ പേരും പ്രൊഫൈല്‍ ഫോട്ടോയും ദുരുപയോഗം ചെയ്ത് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അടിയന്തരമായി പണം ആവശ്യപ്പെടുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പില്‍ പറഞ്ഞു.
തട്ടിപ്പുകാര്‍ നിങ്ങള്‍ക്ക് പരിചയമുള്ളവരുടേതായ പ്രൊഫൈല്‍ ഫോട്ടോയും പേരും മോഷ്ടിച്ച് വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി അടിയന്തിര ആവശ്യങ്ങള്‍ക്കായി പണം ആവശ്യപ്പെടുന്ന രീതി വര്‍ധിച്ചു വരികയാണ്. പലപ്പോഴും ആശുപത്രി ആവശ്യങ്ങള്‍ക്കാണെന്ന് പറഞ്ഞാണ് തട്ടിപ്പുകാര്‍ പണം ചോദിക്കുന്നത്.പ്രൊഫൈല്‍ ഫോട്ടോ മാത്രം കണ്ട് പരിചയക്കാരാണ് പണം ആവശ്യപ്പെടുന്നതെന്ന് ഉറപ്പിക്കരുത്. പണം അയയ്ക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വ്യക്തിയെ നേരിട്ട് ഫോണില്‍ വിളിച്ചോ വിഡിയോ കോള്‍ ചെയ്‌തോ വിവരം ഉറപ്പാക്കണം.
പെട്ടെന്നുള്ള ആശുപത്രി അല്ലെങ്കില്‍ അടിയന്തിര പണ ആവശ്യങ്ങളെ എപ്പോഴും സംശയത്തോടെ കാണുക. പേരും ഫോട്ടോയും ശരിയാണെങ്കിലും സന്ദേശം അയച്ചിരിക്കുന്നത് പുതിയതോ അപരിചിതമായതോ ആയ നമ്പറാണോ എന്നും പരിശോധിക്കണം. ആവശ്യമെങ്കില്‍ മറ്റ് കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടും വിവരം സ്ഥിരീകരിക്കണം.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പില്‍ പെട്ടാല്‍ ഉടന്‍ തന്നെ 1930 എന്ന സൗജന്യ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ അല്ലെങ്കില്‍ www. cybercrime.gov.in ല്‍ വിവരമറിയിക്കുക.


