കോട്ടയം: വിശ്വാസ സഹസ്രങ്ങൾക്ക് ദർശനപുണ്യമേകിയ, മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട സ്ലീബ പെരുന്നാൾ ദിനമായ നാളെ അടയ്ക്കും. വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെയും, ഉണ്ണിയേശുവിന്റെയും ഛായാചിത്രം, കഴിഞ്ഞ ഏഴിനാണ് തുറന്നത്. ഇതിനോടകം പതിനായിരക്കണക്കിന് വിശ്വാസികൾ ദർശനം നടത്തി മടങ്ങി. നാളെ രാവിലെ 7.30ന് പ്രഭാത പ്രാർഥനയ്ക്കും, വിശുദ്ധ മുന്നിന്മേൽ കുർബ്ബാനയ്ക്കും ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ മോർ ഈവാനിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും.
വൈകിട്ട് അഞ്ചിന് സന്ധ്യാ പ്രാർഥനയ്ക്ക് ശേഷമാണ് നടയടയ്ക്കൽ ചടങ്ങ്. നടയടയ്ക്കുന്ന ചടങ്ങിനും മെത്രാപ്പൊലീത്ത മുഖ്യകാർമികനാകും. ഇനി 2027ലെ എട്ടു നോമ്പ് പെരുന്നാളിന്റെ ഏഴാം ദിനത്തിലാണ് നട വീണ്ടും തുറക്കുക. പെരുന്നാളിനോടനുബന്ധിച്ചുള്ള ദീപാലങ്കാരങ്ങളും നാളെ സമാപിക്കും.


