ഫുട്ബോൾ മൈതാനത്ത് ജനമൈത്രിപോലീസെത്തി;ഗോളടിക്കാൻ ഇറങ്ങിയ കുട്ടികൾ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു.


 തിരൂർ വെട്ടത്തുകാവിലെ വിസ്മയ ക്ലബ്ബിന്റെ നേതൃത്വത്തിൽ 

ഫുട്ബോൾ കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്ക് അപ്രതീക്ഷിതമായി അതിഥികളായി ജനമൈത്രി പോലീസെത്തി. 


പോലീസുമായി സൗഹൃദ സംഭാഷണം നടത്തിയ കുട്ടികൾ ഒടുവിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞയുമെടുത്തു.


ശ്രീകൃഷ്ണ ജയന്തി ഡ്യൂട്ടിയുടെ ഭാഗമായി വെട്ടത്തുകാവ് ക്ഷേത്രത്തിന് സമീപം പട്രോളിങ് നടത്തുന്നതിനിടെയാണ് തൊട്ടടുത്ത ചെറിയ പറമ്പിൽ ഒരു സംഘം കുട്ടികൾ ഫുട്ബോൾ കളിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.


പോലീസ് വാഹനം നിർത്തിയതോടെ കളിക്കളത്തിൽനിന്ന് ഏതാനും കുട്ടികൾ കൗതുകത്തോടെ വാഹനത്തിനരികിലെത്തി. പോലീസുമായി സംസാരിക്കുന്നത് കണ്ടതോടെ മറ്റ് കുട്ടികളും അടുത്തെത്തി.


കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ തുടർന്ന് ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തി.


 ലഹരിയിൽനിന്ന് അകന്നുനിൽക്കുന്നതിനും മറ്റുള്ളവരെ അതിൽനിന്ന് സംരക്ഷിക്കുന്നതിനുമുള്ള ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു.


പ്രതിജ്ഞയ്ക്കുശേഷം ചിരിയും തമാശകളുമായി കുട്ടികളോടൊപ്പം അൽപ്പസമയം ചെലവഴിച്ചാണ് പോലീസ് സംഘം മടങ്ങിയത്. 


എന്നാൽ പോകാനൊരുങ്ങിയ പോലീസുകാരെ കുട്ടികൾ വിട്ടില്ല. ഒരു ഗ്രൂപ്പ് ഫോട്ടോ കൂടി വേണമെന്ന കുട്ടികളുടെ നിർബന്ധത്തിന് വഴങ്ങി പോലീസ് ഉദ്യോഗസ്ഥരും കുട്ടികളോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.


തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറും ജനമൈത്രി പോലീസ് കോ-ഓർഡിനേറ്ററുമായ നസീർ തിരൂർക്കാട് കുട്ടികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


വനിതാ സബ് ഇൻസ്പെക്ടർ അനുഷ്മ, സി.പി.ഒ. ജോബിഷ്, എം.എസ്.പി.യിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.


വെട്ടത്തുകാവിലെ വിസ്മയ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കളിക്കുകയായിരുന്ന കുട്ടികളാണ് പോലീസുമായി സംവദിച്ചത്. ജസബ്, നിഹാൽ, മുഹ്സിൻ, മുബഷിർ തുടങ്ങിയ കുട്ടികളും പങ്കെടുത്തു.


കളിക്കളത്തിൽ തുടങ്ങിയ സൗഹൃദം ഒടുവിൽ ലഹരിക്കെതിരായൊരു പ്രതിജ്ഞയായി മാറുകയായിരുന്നു.

Post a Comment

Previous Post Next Post