എബ്രഹാം മോർ യൂലിയോസ് മെത്രാപോലീത്ത കാലം ചെയ്തു


 മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മുവാറ്റുപുഴ ഭദ്രാസനം മുൻ അധ്യക്ഷൻ എബ്രഹാം മോർ യൂലിയോസ് മെത്രാപോലീത്ത കാലം ചെയ്തു. 1945 മേയ് 25ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായാണ് ജനനം. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്രപഠനവും നടത്തി. വൈദികനായി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്‌ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്‌പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിൻ്റെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. ബൈബിൾ പഠനത്തിൽ പ്രത്യേക വൈദഗ്‌ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉയർന്ന പഠനം നടത്തി, ബൈബിൾ-ദൈവശാസ്ത്ര വിഷയങ്ങളിൽ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചു. 2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി 9-ന് മൂവാറ്റുപുഴ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം പഴഞ്ഞി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്സ് & സെന്റ് സിറിൽസ് ഹയർസെക്കൻ്ററി സ്‌കൂളിന്റെ മുൻ മാനേജർ കൂടിയാണ്.

Post a Comment

Previous Post Next Post